സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ഫിക്സ്ചർ എത്തി. കോഴിക്കോട് വെച്ച് നടക്കുമെന്ന് കരുതിയിരുന്ന യോഗ്യത മത്സരങ്ങൾക്ക് കൊച്ചി ആകും വേദിയാവുക എന്നാണ് പുതിയ വാർത്തകൾ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചാകും മത്സരങ്ങൾ നടക്കുക. കേരളത്തിന് ഒപ്പം ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. ഫൈനൽ റൗണ്ടിന് കേരളം ആണ് ആതിഥ്യം വഹിക്കുന്നത്.
ഡിസംബർ ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. ലക്ഷദ്വീപ് കേരളത്തിൽ എത്തി സന്തോഷ് ട്രോഫിക്കായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 3ന് കേരളം ആൻഡമാനെയും ഡിസംബർ 5ന് പോണ്ടിച്ചേരിയെയും നേരിടും. കേരള ടീം കഴിഞ്ഞ മാസം മുതൽ പരിശീലനം നടത്തുന്നുണ്ട്. മുൻ ഗോകുലം കേരള പരിശീലകൻ ബിനോ ജോർജ്ജ് ആണ് കേരളത്തിന്റെ പരിശീലകൻ.
ഫിക്സ്ചർ;
ഡിസംബർ 1; കേരളം vs ലക്ഷദ്വീപ്
ഡിസംബർ 3; കേരളം vs ആൻഡമാൻ
ഡിസംബർ 5; കേരളം vs പോണ്ടിച്ചേരി