കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ആവേശകരമായ 6 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സ് 9 വിക്കറ്റ് നഷ്ടത്തില് 153 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സേ നേടിയുള്ളു.
ജോഷ്വ ഡാ സില്‍വ പുറത്താകാതെ 41 റണ്‍സുമായി പാട്രിയറ്റ്സിനായി നില കൊണ്ടുവെങ്കിലും ബാറ്റിംഗിന് വേഗത ഇല്ലാതിരുന്നത് തിരിച്ചടിയായി. ബെന്‍ ഡങ്ക് 34 റണ്‍സ് നേടി. വാലറ്റത്തില്‍ സൊഹൈല്‍ തന്‍വീര്‍ 10 പന്തില്‍ നിന്ന് 16 റണ്‍സ് നേടി പൊരുതിയെങ്കിലും ലക്ഷ്യം അപ്രാപ്യമായി നിന്നു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു വിജയത്തിനായി പാട്രിയറ്റ്സ് നേടേണ്ടിയിരുന്നത്. ബാര്‍ബഡോസിന് വേണ്ടി മിച്ചല്‍ സാന്റനറും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. തന്റെ നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ട് നല്‍കിയ മിച്ചല്‍ സാന്റനര്‍ ആണ് കളിയിലെ താരം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസിനേ വേണ്ടി മയേഴ്സ് 37 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 38 റണ്‍സും നേടി. സാന്റനര്‍ ഇന്നിംഗ്സ് അവസാനത്തോടെ 20 റണ്‍സും റഷീദ് ഖാന്‍ 26 റണ്‍സും നേടി പുറത്താകാതെ നിന്നതാണ് ടീമിനെ 153 റണ്‍സിലേക്ക് എത്തിച്ചത്. പാട്രിയറ്റ്സിന് വേണ്ടി റയാദ് എമ്രിറ്റ്, സൊഹൈല്‍ തന്‍വീര്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.