75 മത് സന്തോഷ് ട്രോഫിയിൽ കരുത്തരുടെ പോരാട്ടത്തിൽ വെസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കരുത്ത് കാട്ടി കേരളം. മലപ്പുറത്ത് തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആദ്യ പകുതിയിൽ നന്നായി കളിച്ച കേരളം സമാനമായി തന്നെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരളത്തിനു ലഭിച്ച അവസരം പക്ഷെ ബംഗാൾ ഗോൾ കീപ്പർ രക്ഷിച്ചു. ഇതിനു ഇടയിൽ ബംഗാൾ ഗോൾ കീപ്പർക്കു പരിക്കും ഏറ്റു എങ്കിലും ബംഗാൾ ഗോൾ കീപ്പർ പന്ത് വലയിൽ കടക്കാൻ സമ്മതിച്ചില്ല. മറുപുറത്ത് ബംഗാൾ നടത്തിയ ശ്രമം രക്ഷിക്കുന്നതിന് കേരള ഗോൾ കീപ്പർ മിഥുനിനും ചെറിയ പരിക്ക് ഏറ്റെങ്കിലും ഗോൾ വഴങ്ങാൻ കേരള താരം അനുവദിച്ചില്ല.
ഒപ്പത്തിനു ഒപ്പം തന്നെ പോയ മത്സരത്തിൽ പലപ്പോഴും ഇരു ടീമുകളും അവസരങ്ങൾ തുറന്നു. കാണികളുടെ നിറഞ്ഞ പിന്തുണയോടെ കളിച്ച കേരള താരങ്ങളിൽ ആത്‍മവിശ്വാസം പ്രകടനം ആയിരുന്നു. 85 മത്തെ മിനിറ്റിൽ കേരളം കാത്തിരുന്ന ഗോൾ പിറന്നു. അതിമനോഹരമായ ടീം ഗോൾ ആയിരുന്നു ഇത്. പ്രതിരോധത്തിൽ നിന്നു കളി മെനഞ്ഞു കേരളം. ഒടുവിൽ മികച്ച ഓട്ടവും ആയി ബോക്‌സിൽ എത്തിയ ക്യാപ്റ്റൻ ജിജോ ജോസഫ് പന്ത് മറിച്ചു നൽകിയപ്പോൾ പകരക്കാനായി ഇറങ്ങിയ നൗഫൽ ഗോൾ നേടുക ആയി. ഇഞ്ച്വറി സമയത്ത് ബംഗാളിന് ലഭിച്ച ഫ്രീകിക്കിൽ നിന്നു ബംഗാൾ താരം ഉതിർത്ത ഷോട്ട് അവിശ്വസനീയം ആയി ആണ് കേരള ഗോൾ കീപ്പർ മിഥുൻ രക്ഷിച്ചത്. തൊട്ടു അടുത്ത മിനിറ്റിൽ തന്നെ കേരളം രണ്ടാം ഗോൾ നേടി. പ്രത്യാക്രമണത്തിൽ ബംഗാൾ താരത്തിൽ നിന്നു ബോൾ പിടിച്ചെടുത്ത കേരളം ജെസിനിലൂടെ ഗോൾ കണ്ടത്തുക ആയിരുന്നു. ജിജോയുടെ മികച്ച പാസിൽ നിന്നു ആയിരുന്നു ഈ ഗോളും പിറന്നത്. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം നിലവിൽ ഗ്രൂപ്പിൽ ഒന്നാമത് ആണ്.