ഐപിഎലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ലെങ്കിലും അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ തകര്‍പ്പനടികള്‍ ടീമിനെ 200 കടത്തുകയായിരുന്നു.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. മത്സരത്തില്‍ യശസ്വി ജൈസ്വാളിനെ ആദ്യമേ ടീമിന് നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്ത് സഞ്ജു സാംസണ്‍ കൂട്ടുകെട്ട് നേടിയ 121 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍ സ്കോറിന്റെ അടിത്തറ.
സഞ്ജു സാംസണ്‍ 9 സിക്സുകള്‍ അടക്കം 32 പന്തില്‍ നിന്ന് 74 റണ്‍സ് നേടി ചെന്നൈ ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു. രവീന്ദ്ര ജഡേജയെയും പിയൂഷ് ചൗളയെയുമാണ് സഞ്ജു സാംസണ്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്. സഞ്ജു പുറത്തായ ശേഷം ഡേവിഡ് മില്ലറെയും റോബിന്‍ ഉത്തപ്പയെയും രാജസ്ഥാന് നഷ്ടമായി.
ഇതിനിടെ രവീന്ദ്ര ജഡേജയുടെ ഓവറില്‍ സ്മിത്ത് നല്‍കിയ അവസരം സാം കറന്‍ നഷ്ടപ്പെടുത്തിയതും ചെന്നൈയ്ക്ക് വിനയായി. 47 പന്തില്‍ നിന്ന് സ്മിത്ത് 69 റണ്‍സാണ് നേടിയത്.
സ്മിത്ത് പുറത്തായ ശേഷം ലുംഗിസാനി ഗിഡിയുടെ അവസാന ഓവറില്‍ 30 റണ്‍സാണ് പിറന്നത്. ജോഫ്ര എട്ട് പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ലുംഗിസാനി ഗിഡി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ നിന്ന് 27 റണ്‍സാണ് ജോഫ്ര നേടിയത്. താരം നോബോളുകള്‍ കൂടി എറിഞ്ഞപ്പോള്‍ ജോഫ്ര 4 സിക്സ് നേടി. എന്നാല്‍ പിന്നീട് ഗിഡി മികച്ച തിരിച്ചുവരവ് നടത്തി 30 റണ്‍സില്‍ ഓവര്‍ ഒതുക്കി. ടോം കറന്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
ചെന്നൈ നിരയില്‍ സാം കറന്‍ മൂന്ന് വിക്കറ്റ് നേടി. ദീപക് ചഹാറും സാം കറനും മാത്രമാണ് റണ്‍റേറ്റ് കുറച്ച് വിട്ട് കൊടുത്തത്.