തുടർച്ചയായ അഞ്ചാം തോൽവിക്ക് പിന്നാലെ, ഐപിഎൽ 2025ൽ രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനത്തിന് കാരണം സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവമാണെന്ന് ഫാസ്റ്റ് ബൗളർ സന്ദീപ് ശർമ്മ. ഏപ്രിൽ 24ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 11 റൺസിന് പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസണിന്റെ പരിക്ക്, ടീമിന്റെ മോശം ഫീൽഡിംഗ്, സ്ഥിരതയില്ലാത്ത ബാറ്റിംഗ് എന്നിവയെല്ലാം ടീമിന്റെ മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നു എന്ന് സന്ദീപ് ചൂണ്ടിക്കാട്ടി.
പേശിവേദനയെ തുടർന്ന് വിശ്രമിക്കുന്ന സഞ്ജുവിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരവും നഷ്ടമായി. സാംസണിന്റെ നേതൃത്വം മാത്രമല്ല, അദ്ദേഹത്തിന്റെ ബുദ്ധിപരമായതും ശാന്തവുമായ ബാറ്റിംഗും ടീമിന് നഷ്ടമാകുന്നുണ്ടെന്ന് സന്ദീപ് പറഞ്ഞു. ഈ സീസണിൽ സാംസണിന്റെ സ്ഥിരതയില്ലാത്ത പങ്കാളിത്തം ടീമിന്റെ താളത്തെയും മനോവീര്യത്തെയും ബാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാറ്ററായി ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ കളിച്ച സഞ്ജു പിന്നീട് മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഓവർ മത്സരത്തിൽ വീണ്ടും പരിക്കേറ്റ് പുറത്തായി. അതിനുശേഷം റിയാൻ പരാഗാണ് ടീമിനെ നയിക്കുന്നത്.
ഒമ്പത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ രാജസ്ഥാൻ റോയൽസ്. ടീമിന് അടുത്ത മത്സരം ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്.