ഇന്ന് 144 റൺസ് മാത്രം ഡിഫൻഡ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ ക്യാപ്റ്റൻ സഞ്ജു ടീമിനോട് പറഞ്ഞു, നമ്മൾ വെറും 10 വിക്കറ്റ് മാത്രം എടുത്താൽ മതി, അവർക്കാണെങ്കിൽ 145 റൺസ് വേണം. 19.3 ഓവറിൽ 115 റൺസ് എടുത്തു ആർസിബി ഓൾ ഔട്ട് ആയപ്പോൾ വിജയിച്ചത് രാജസ്ഥാൻ റോയൽസ് മാത്രമല്ല, സഞ്ജുവിന്റെ ക്യാപ്റ്റൻസി കൂടിയാണ്.
IPL 2022ലെ ഏതാണ്ട് 50% കളി കഴിഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസ് ആദ്യ നാലു ടീമുകളുടെ പട്ടികയിലുണ്ട്. കളിച്ച എട്ട് കളികളിൽ ആറെണ്ണം ജയിച്ചാണ് രാജസ്ഥാൻ ഈ നേട്ടം കൈവരിച്ചത്. ക്യാപ്റ്റൻ സഞ്ജുവിന് സന്തോഷിക്കാമെങ്കിലും റിലാക്സ് ചെയ്യാൻ സമയമായിട്ടില്ല. ഇനിയുമുണ്ട് ദൂരം ഏറെ താണ്ടുവാൻ.
സഞ്ജുവിന്റെ IPL ക്യാപ്റ്റന്സിയുടെ മൊത്തം പ്രകടനം എടുത്തു നോക്കിയാൽ, ക്യാപ്റ്റൻസി ഏറ്റെടുത്തു ആദ്യ കളിയിൽ തന്നെ സെഞ്ചുറി അടിച്ച ചരിത്രമാണ് നമ്മൾ ഓർക്കേണ്ടത്. പക്ഷെ ആകെ 5 കളികൾ മാത്രമാണ് കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ ജയിച്ചത്. അതെ സമയം ഇക്കൊല്ലം 6 കളികൾ ഇത് വരെ വിജയിച്ചിട്ടുണ്ട്. IPLൽ മൊത്തം 21 കളികളിൽ ടീമിനെ നയിച്ച സഞ്ജു, 11 കളികളിൽ വിജയം നേടി.
ഇക്കൊല്ലത്തെ രാജസ്ഥാൻ റോയൽസിന്റെ തേരോട്ടം ഓർമ്മപെടുത്തുന്നത് ആദ്യ സീസണിൽ വാർണിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ്. ഓരോ ബോൾ കഴിയുമ്പോഴും ഫീൽഡ് ഒന്നുകൂടി മുറുക്കി എതിരാളികളെ കുരുക്കാൻ കരുക്കൾ നീക്കുന്ന അതെ രീതിയാണ് സഞ്ജു ഇപ്പോൾ പിന്തുടരുന്നത്. കൂടാതെ, തന്റെ കൈയ്യിലുള്ള റിസോഴ്സസ് , അത് ബോളർ ആയിക്കൊള്ളട്ടെ, ഫീൽഡർ ആയിക്കൊള്ളട്ടെ, അവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ സഞ്ജു പഠിച്ചു കഴിഞ്ഞു. രാഹുൽ ദ്രാവിഡാണ് സഞ്ജുവിന്റെ ടെമ്പറമെന്റിൽ വലിയ മാറ്റം വരുത്തിയത്. കരിയറിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന അനാവശ്യ ചോര തിളപ്പ് മാറ്റി വച്ച് കൂൾ ഹെഡഡ് ആയി കളിക്കാൻ പഠിപ്പിച്ചത് രാഹുലാണ്.
ഇക്കൊല്ലം ടീമിനെ നയിക്കുന്ന സഞ്ജുവിന്റെ ഓരോ നീക്കങ്ങളിലും മുകളിൽ പറഞ്ഞ പോസിറ്റീവ് ഫാക്ടറുകൾ കാണാം. രാജസ്ഥാൻ റോയൽസിന്റെ ഇത് വരെയുള്ള കളികളിൽ ബട്ലരുടെയും, യുസിയുടെയും, പ്രസിദ്ധിന്റേയും, ഹിറ്റമേയറുടെയും, സെന്നിന്റെയും, അശ്വിന്റെയും മറ്റും പ്രകടനങ്ങൾ മികച്ചു നിൽക്കുന്നുണ്ടെങ്കിലും, ടീം എഫേർട്ട് ആണ് കളികൾ ജയിപ്പിച്ചത് എന്ന് നിസ്സംശയം പറയാം. അതിനു ഏറ്റവും അധികം ക്രെഡിറ്റ് കൊടുക്കേണ്ടത് സഞ്ജുവിന് തന്നെയാണ്. കോച്ച് സംഗക്കാര പല പ്രാവശ്യം പറഞ്ഞ പോലെ, സഞ്ജു ഒരു നാച്ചുറൽ ലീഡർ ആണ്. ടീമിനെ ക്യാപ്റ്റൻ എന്ന നിലക്ക് മുന്നോട്ടു നയിക്കുമ്പോഴും സഞ്ജു തന്റെ കീപ്പിങ്ങും ബാറ്റിങ്ങും വളരെ ഭംഗിയായി തന്നെ കളിക്കുന്നുണ്ട് എന്നതും ടീമിന് വലിയൊരു ആശ്വാസമാണ്. സ്വന്തം കളി മോശമാകുന്ന ഒരു ക്യാപ്റ്റനും ടീമിനെ നല്ല രീതിയിൽ നയിക്കാൻ സാധിക്കില്ല. കുറുമ്പും, കുസൃതിയും, കള്ളച്ചിരിയുമായി ഈ മലയാളി ക്യാപ്റ്റൻ ഇനിയും വളരെയധികം മുന്നോട്ടു പോകും എന്ന കാര്യത്തിൽ സംശയം വേണ്ട.