ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കളിച്ച ഏക പാക്കിസ്ഥാനിയെന്ന ബഹുമതി നേടിയ ആളാണ് ടെന്നീസ് താരം ഐസം-ഉള്-ഹക്ക്. 2010ല്‍ യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ താരം എത്തിയിരുന്നു. തനിക്ക് മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയെ പങ്കാളിയാക്കണമെന്നുണ്ടായിരുന്നുവെങ്കിലും അനാവശ്യ വിവാദത്തെ തുടര്‍ന്ന് താന്‍ അതിന് മുതിര്‍ന്നില്ലെന്ന് താരം പറഞ്ഞു.
പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യ കൂടിയായ മിര്‍സയോട് താന്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും അതിനെ നിരസിക്കുകയായിരുന്നുവെന്ന് ഐസം വ്യക്തമാക്കി. തനിക്ക് സാനിയയോടും ഷൊയ്ബ് മാലിക്കിനോടും നല്ല ബന്ധമാണുള്ളതെന്നും സാനിമ മികച്ച താരം മാത്രമല്ല മികച്ച മനുഷ്യത്വത്തിനുടമ കൂടിയാണെന്ന് ഐസം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം ഒരു അനാവശ്യ വിവാദം വേണ്ടെന്ന സാനിയയുടെ ചിന്തയാകാം പിന്മാറ്റത്തിന് കാരണമെന്ന് ഐസം വ്യക്തമാക്കി. രോഹന് ബൊപ്പണ്ണയുമായുള്ള തന്റെ സഖ്യമാണ് ഏറ്റവും മികച്ചതെന്ന് പറഞ്ഞ ഐസം തങ്ങളെ ഇന്തോ-പാക് എക്സ്പ്രസ്സ് എന്ന് വിളിച്ചിരുന്നതില്‍ ഏറെ അഭിമാനം തോന്നിയെന്ന് വ്യക്തമാക്കി.
യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയ്ക്കൊപ്പമാണ് താരം ഇറങ്ങിയത്. തനിക്ക് റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ഒരു ഗ്രാന്‍ഡ്സ്ലാം നേടണമെന്ന് പറഞ്ഞ 40 വയസ്സുകാരന് തന്റെ ജീവിതത്തില്‍ എന്തെങ്കിലും കാര്യം തിരുത്തുവാന്‍ സാധിക്കുമെങ്കില്‍ അത് 2010ലെ യുഎസ് ഓപ്പണ്‍ ഫൈനലിന്റെ ഫലം തിരുത്തുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
തന്റെ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ ടിവിയില്‍ കാണിച്ചിരുന്നുവെങ്കില്‍ ടെന്നീസ് പാക്കിസ്ഥാനില്‍ വളര്‍ന്നേനെയെന്നും താരം പറഞ്ഞു. ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ ലോകത്ത് ആളുകള്‍ പിന്തുടരുന്ന കളിയാണ് ടെന്നീസ്, എന്നിട്ടും പാക്കിസ്ഥാനില്‍ അതിന് വേണ്ടത്ര പിന്തുണ ലഭിയ്ക്കുന്നില്ലെന്നും ഐസം പറഞ്ഞു.
പാക്കിസ്ഥാന് ടെന്നീസ് ഫെഡറേഷന് തന്റെ 2010ലെ യുഎസ് ഓപ്പണ്‍ ഫൈനല്‍ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്തിയില്ലെന്നും താരം കുറ്റപ്പെടുത്തി. അന്ന് അത് ടെലിവിഷനില്‍ കാണിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പ്രചാരം ടെന്നീസിന് പാക്കിസ്ഥാനില്‍ കിട്ടുമായിരുന്നുവെന്നും താരം വ്യക്തമാക്കി.