ജിങ്കനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമം

മോഹൻ ബഗാൻ വിടാൻ സാധ്യതയുള്ള സന്ദേശ് ജിങ്കനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ രംഗത്ത്. ബംഗാളിൽ നിന്നുള്ള വാർത്തകൾ അനുസരിച്ച് ജിങ്കനായി വലിയ ഓഫർ തന്നെ മുന്നിൽ വെച്ചിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. എന്നാൽ ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് സ്പോൺസരുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയാൽ മാത്രമെ സൈനിംഗ് നടക്കുകയുള്ളൂ.

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കന്റെ എ ടി കെ മോഹൻ ബഗാനിലെ ഭാവി ഇപ്പോൾ ആശങ്കയിലാണ്. ജിങ്കന്റെ പ്രകടനങ്ങളിൽ മോഹൻ ബഗാൻ കോച്ച് ഫെറാണ്ടോ തൃപ്തനല്ല എന്നതിനാൽ ക്ലബ് ജിങ്കനെ ഒഴിവാക്കാൻ ശ്രമിക്കുകയാണ്. വിദേശ സെന്റർ ബാക്കുകളെ വിശ്വസിക്കാൻ ആണ് ഫെറാണ്ടോ ആഗ്രഹിക്കുന്നത്. അതിനുള്ള സൈനിംഗുകളും മോഹൻ ബഗാൻ പൂർത്തിയാക്കിയിരുന്നു.

നേരത്തെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യയിൽ പോയ ജിങ്കൻ പരിക്ക് കാരണം തിരികെ ബഗാനിലേക്ക് വരികയായിരുന്നു. രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു ജിങ്കൻ എ ടി കെയിൽ എത്തിയത്.