മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഡൻ സാഞ്ചോക്ക് ആയുള്ള കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ഡോർട്മുണ്ടും തമ്മിൽ ട്രാൻസ്ഫർ തുക കൂടെ ധാരണ ആയതായി ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ സൂചന നൽകുന്നു. ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡും സാഞ്ചോയും ഇത്ര അടുത്ത് എത്തിയിട്ടില്ല എന്നും സാഞ്ചോ യുണൈറ്റഡ് താരമായി മാറുന്ന ദിവസം വിദൂരമല്ല എന്നും ഫബ്രിസിയോ പറയുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 2026വരെയുള്ള കരാർ വാഗ്ദാനം ചെയ്യുകയും താരം അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ട്രാൻസ്ഫർ തുക മാത്രമായിരുന്നു ഇടയിൽ ഉള്ള വിലങ്ങു തടി. 95മില്യൺ ആണ് ഡോർട്മുണ്ട് താരത്തിനായി ആവശ്യപ്പെടുന്നത്. യുണൈറ്റഡ് 90 മില്യൺ ബിഡ് ഔദ്യോഗികമായി സമർപ്പിച്ചു കഴിഞ്ഞു. ഇത് ഡോർട്മുണ്ട് അംഗീകരിക്കാനാണ് സാധ്യത.
കഴിഞ്ഞ സീസണിൽ 120 മില്യൺ ആയിരുന്നു ഡോർട്മുണ്ട് ആവശ്യപ്പെട്ടിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സമ്മറിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായിരുന്നു സാഞ്ചോ. കഴിഞ്ഞ സീസണിൽ ഇരു ക്ലബുകളും തമ്മിൽ നീണ്ട കാലം ചർച്ചകൾ നടന്നിട്ടും മാഞ്ചസ്റ്ററിലേക്ക് സാഞ്ചോ എത്തിയിരുന്നില്ല. സാഞ്ചോ കരാർ ഒപ്പുവെച്ച് യുണൈറ്റഡ് താരമായാൽ അത് ആരാധകരുടെ നീണ്ട കാത്തിരിപ്പിനുള്ള അവസാനമായിരിക്കും.