ആഴ്‌സണലിന്റെ 24 കാരനായ ഫ്രഞ്ച് പ്രതിരോധ താരം വില്യം സലിബ ക്ലബിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു. തന്റെ കരാർ അവസാനിക്കാൻ 2 വർഷം ബാക്കിയുണ്ടെങ്കിലും പുതിയ 5 വർഷത്തെ കരാർ ആണ് സൂപ്പർ താരം ഒപ്പ് വെച്ചത്. ഇതോടെ 2030 വരെ സലിബ ആഴ്‌സണൽ പ്രതിരോധം കാക്കും. റയൽ മാഡ്രിഡ് താരത്തിന് ആയി നടത്തിയ നിരന്തര ശ്രമം അവഗണിച്ചു ആണ് താരം ആഴ്‌സണലിൽ തുടരാൻ തീരുമാനിച്ചത്. ഫ്രഞ്ച് ക്ലബ് സെന്റ് എറ്റിനെയിൽ നിന്നു 2019 ൽ 19 കാരനായ സലിബയെ സ്വന്തമാക്കിയ ആഴ്‌സണൽ താരത്തെ അടുത്ത 2 വർഷവും നീസ്, മാഴ്സെ ക്ലബുകളിലേക്ക് ലോണിൽ അയച്ചിരുന്നു.
എന്നാൽ 2022 ൽ ആഴ്‌സണലിൽ തിരിച്ചു എത്തിയ ശേഷം ഗബ്രിയേലും ആയി ചേർന്നുള്ള പ്രതിരോധ കൂട്ടുകെട്ടിലൂടെ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കിൽ ഒരാൾ എന്ന പേര് സലിബ സ്വന്തമാക്കുന്നത് പിന്നീട് കാണാൻ ആയത്. കഴിഞ്ഞ 3 വർഷവും നഷ്ടമായ പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ആയി ഇറങ്ങുന്ന ആഴ്‌സണലിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നും ഈ പ്രതിരോധം ആണ്. ആഴ്‌സണലിന് ആയി 14പി മത്സരങ്ങളിൽ ഇതിനകം ബൂട്ട് കെട്ടിയ സലിബ ക്ലബിൽ കരാർ പുതുക്കുന്നതിൽ തനിക്ക് സന്തോഷം ആണെന്നും ക്ലബ് തന്റെ വീടാണെന്നും പറഞ്ഞു. സലിബയുടെ പുതിയ കരാറിന് ശേഷം സൂപ്പർ താരം ബുകയോ സാകയും ആയി പുതിയ കരാറിൽ ഒപ്പ് വെക്കാൻ ആവും ഇനി ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയെ ബെർട്ടയുടെ ശ്രമം.