4 റണ്‍സിന് അഞ്ച് വിക്കറ്റുമായി സജിത്ത്, ബെനിക്സ് സിസിയ്ക്ക് വലിയ വിജയം

Sports Correspondent

ബ്ലൂ ജെറ്റ്സ് സിസിയ്ക്കെതിരെ 7 വിക്കറ്റ് വിജയവുമായി ബെനിക്സ് സിസി. എസ് സജിത്തിന്റെ അവിസ്മരണീയമായ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവില്‍ ആണ് ബെനിക്സ് ഇന്ന് തങ്ങളുടെ വിജയം ഉറപ്പാക്കിയത്. 20.5 ഓവറില്‍ ബ്ലൂ ജെറ്റ്സിനെ 114 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ബെനിക്സ് ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറില്‍ നേടുകയായിരുന്നു.

24 റണ്‍സ് നേടി നസ്സാമുദ്ദീന്‍ ആണ് ബ്ലൂ ജെറ്റ്സിന്റെ ടോപ് സ്കോറര്‍. അനീഷ്, അരുണ്‍ (ഇരുവരും 17 റണ്‍സ്) എന്നിവര്‍ ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 24 റണ്‍സും അനുചന്ദ്രന്‍ നേടിയ 16 റണ്‍സുമാണ് ഇന്നിംഗ്സിന്റെ അവസാനത്തോടെ ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. സജിത്ത് അഞ്ച് ഓവറില്‍ 2 മെയ്ഡന്‍ ഉള്‍പ്പെടെ വെറും 4 റണ്‍സ് വിട്ട് കൊടുത്താണ് തന്റെ അഞ്ച് വിക്കറ്റുകള്‍ നേടിയത്. അതേ സമയം ഷെഫിന്‍ മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണയാണ് സജിത്തിന് നല്‍കിയത്.

വിജയികള്‍ക്കായി 53 റണ്‍സ് നേടി രഞ്ജിത്ത് പുറത്താകാതെ നിന്നപ്പോള്‍ അരുണ്‍ 33 റണ്‍സ് നേടി. സജിത്ത് ആണ് മാന്‍ ഓഫ് ദി മാച്ച്.