സജിൽ, ഏവരെയും അമ്പരിപ്പിച്ച ആ റബോണയുടെ ശില്പി

ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോയിലെ സ്റ്റാർ ആണ് സജിൽ. ഇന്നലെ ചേരമംഗലത്ത് നടന്ന ഒരു അഖില കേരള ടൂർണമെന്റിൽ ജവാൻ എഫ് സി ചിറ്റിലാപിള്ളിക്ക് വേണ്ടി കളിച്ച സജിൽ വലതു വിങ്ങുലൂടെ നടത്തിയ ഒരു നീക്കമാണ് വൈറലായത്. സജിൽ ഡമ്മി കളിച്ച് എതിർ ഡിഫൻഡറെ ആദ്യം വീഴ്ത്തുകയും മറ്റു ഡിഫൻഡർ തന്നിലേക്ക് അടുക്കും മുമ്പ് ഒരു റബോണ പാസിലൂടെ സഹ താരത്തെ കണ്ടെത്തുകയും ചെയ്ത നീക്കം. അളന്നു മുറിച്ച് നൽകിയ ആ പാസ് ഒരു ടാപിന്നിലൂടെ ഗോളായി മാറി.

ഈ ഗോളിന്റെ ബലത്തിൽ ജവാൻ എഫ് സി ഫൈനലിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു. ലോക ഫുട്ബോളിൽ പോലും അപൂർവ്വമായാണ് റബോണ പാസുകളും കിക്കുകളും ഇത്ര കൃത്യതയോടെ പ്രാവർത്തികമാകുന്നത് കാണാറ്. കേരള ഫുട്ബോളിൽ ഒരുപാട് വലിയ ടാലന്റുകൾ ഇങ്ങനെ ആരും അറിയാതെ കിടക്കുന്നു എന്ന ഓർമ്മപ്പെടുത്തലും കൂടിയായി ഈ വീഡിയോ.Img 20220515 163415

കുന്നംകുളത്തിന് അടുത്തുള്ള ചെമ്മണ്ണൂർ സ്വദേശിയാണ് സജിൽ. പ്രാദേശിക ഫുട്ബോൾ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് സജിൽ. അറ്റാക്കിൽ ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് സജിൽ. ശ്രീകൃഷ്ണ കോളേജ് ഗുരുവായൂരിൽ പഠിച്ച് വളർന്ന താരമാണ്. കോളേജ് ടീമിന്റെ ഭാഗമായിരുന്നു. സ്കൈ ബ്ലൂ എടപ്പാളിനായും മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്. സജിൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ യങ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമിയിൽ പരിശീലകനായി പ്രവർത്തിക്കുകയാണ്.