പോർച്ചുഗൽ വിട്ട് സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, മാര്‍ച്ച് 18, 2021: സഞ്ജീവ് സ്റ്റാലിനുമായുള്ള മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പിടല്‍ സന്തോഷപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2024 വരെ താരം ടീമിനൊപ്പമുണ്ടാവും. പോര്‍ച്ചുഗീസ് ടീമായ എയ്‌വീസില്‍ നിന്നാണ് ഇരുപതുകാരനായ ലെഫ്റ്റ് ബാക്ക് താരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്നത്. ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് സ്റ്റാലിന്‍ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങുന്നത്, 2017ല്‍ ഇന്ത്യന്‍ ആരോസിലൂടെ സീനിയര്‍ തലത്തിലെത്തി. സെറ്റ്പീസ് മികവുള്ള രാജ്യത്തെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ ഒരാളായി പ്രശസ്തി നേടിയ സ്റ്റാലിന്‍ 3 സീസണുകളിലായി 28 മത്സരങ്ങളില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടി ബൂട്ടണിഞ്ഞു. ഇന്ത്യയുടെ അണ്ടര്‍-17, അണ്ടര്‍-20 ടീമുകള്‍ക്കായും കളിച്ചു. ഇന്ത്യ ശ്രദ്ധേയമായ പ്രകടനം നടത്തിയ 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പായിരുന്നു ഇതില്‍ പ്രധാനം. സെറ്റ്പീസുകളോടുള്ള അഭിനിവേശത്തില്‍ അഭിമാനിക്കുന്ന താരം ഇരുകാലുകള്‍ കൊണ്ടും മികവ് പുലര്‍ത്തുന്നുണ്ട്. കൊളംബിയക്കെതിരായ മത്സരത്തില്‍ കോര്‍ണറില്‍ നിന്നുള്ള സ്റ്റാലിന്റെ നീക്കമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ സഹതാരം കൂടിയായ ജീക്‌സണ്‍ സിങിന്റെ ഹെഡറിലേക്ക് നയിച്ചത്.

തന്റെ കരിയറിലെ ഒരു സ്വപ്നം എന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള കരാര്‍ ഒപ്പിടലിനെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. സീസണ്‍ തുടങ്ങാനും ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനും കാത്തിരിക്കാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി എന്റെ ഫുട്‌ബോള്‍ യാത്ര തുടരുന്നതിലും, യൂറോപ്പിലെ പരിശീലനത്തിന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് മടങ്ങിവരുന്നതിലും സന്തോഷമുണ്ടെന്ന് സഞ്ജീവ് സ്റ്റാലിന്‍ പ്രതികരിച്ചു.ഫുട്‌ബോള്‍ എനിക്ക് അഭിനിവേശത്തിനും അപ്പുറമാണ്. ദൈനംദിന ജീവിതം കഴിയുന്നത്ര അവിസ്മരണീയവും സന്തോഷകരവുമാക്കുന്നതിനും, സാധ്യമായ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ എത്തുന്നതിനും ഞാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ടീമിനൊപ്പം പരിശീലനം തുടങ്ങാനും മഞ്ഞപ്പടക്ക് മുന്നില്‍ കളിക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല-സഞ്ജീവ് സ്റ്റാലിന്‍ പറഞ്ഞു.

സ്റ്റാലിനെപ്പോലുള്ള ഒരു യുവ പ്രതിഭയുടെ സാനിധ്യം, അടുത്ത സീസണിലേക്ക് കടക്കുന്ന ടീമിന് ആത്മവിശ്വാസം നല്‍കുന്നുവെന്ന് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറയുന്നു. സ്റ്റാലിന്റെ അനുഭസമ്പത്തും വിദേശ സമ്പര്‍ക്കവും കണക്കിലെടുക്കുമ്പോള്‍ താരത്തിന്റെ സംഭാവനയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് കരോലിസിനുള്ളത്. സഞ്ജീവ് സ്റ്റാലിനെപ്പോലുള്ള പ്രതിഭാശാലിയായ താരം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഞങ്ങളുടെ ടീമില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു യുവ കളിക്കാരനാണ് അദ്ദേഹം. കൂടുതല്‍ പക്വത നേടുകയും ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ തയാറായി എന്നുമാണ് പോര്‍ച്ചുഗലില്‍ രണ്ടു വര്‍ഷം കളിച്ചതിലൂടെ അദ്ദേഹം നേടിയ അനുഭവം അര്‍ഥമാക്കുന്നത്. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം, അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് എന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാവുമെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

2019ല്‍ പോര്‍ച്ചുഗലിലേക്ക് മാറിയ സഞ്ജീവ് സ്റ്റാലിന്‍, തന്റെ കരിയര്‍ വളര്‍ച്ച തുടരാന്‍ ഡിപ്പോര്‍ടിവോ എയ്‌വീസിന്റെ അണ്ടര്‍ 23 ടീമില്‍ ചേര്‍ന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് പോര്‍ച്ചുഗീസ് ക്ലബ്ബായ സെര്‍ട്ടനെന്‍സിലേക്കും വായ്പ അടിസ്ഥാനത്തില്‍ എത്തിയിരുന്നു. തന്റെ പുതിയ ടീമുമായി ബന്ധപ്പെടുന്നതില്‍ അതീവതത്പരനായ സ്റ്റാലിന്‍, ആരോസിലെ മുന്‍ സഹതാരങ്ങളായ കെ.പി രാഹുല്‍, ജീക്‌സണ്‍ സിങ് എന്നിവരോടൊപ്പം കെബിഎഫ്‌സിയില്‍ സംഗമിക്കുന്നതില്‍ ആവേശത്തിലുമാണ്.