ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് സ്വർണ്ണം. ഇന്ന് നടന്ന ഫൈനലിൽ വിജയിച്ച് ആണ് ഇന്ത്യ സ്വർണ്ണം സ്വന്തമാക്കിയത്. ഇന്ന് നേപ്പാളിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. ബാലാദേവിയാണ് ഇന്ത്യക്കായി രണ്ടു ഗോളുകളും നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളുമായി ഏറ്റുമുട്ടിയപ്പോഴും ബാലാദേവി തന്നെ ആയിരുന്നു നേപ്പാളിനെതിരെ ഗോൾ നേടിയത്.
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫൈനലിൽ എത്തിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മാൽഡീവ്സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത ആറു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ നേപ്പാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനും തോൽപ്പിച്ചു. ടൂർണമെന്റിൽ ആകെ 14 ഗോളുകൾ നേടിയ ഇന്ത്യ ഒരു ഗോൾ പോലും വഴങ്ങിയില്ല. കഴിഞ്ഞ ദക്ഷിണേഷ്യൻ ഗ്ര്യിംസിലും വനിതാ ചാമ്പ്യന്മാർ ഇന്ത്യ തന്നെ ആയിരുന്നു.