അണ്ടർ 19 സാഫ് ടൂർണമെന്റിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ. കാഠ്മണ്ഡുവിൽ വെച്ചു നടന്ന മത്സരത്തിൽ ഗോയാരി, നവോബ മേയ്തെയ്, അർജുൻ ഓയ്നാം എന്നിവരാണ് വല കുലുക്കിയത്. ഗ്രൂപ് ബിയിൽ ഇന്ത്യയുടെ ആദ്യ മത്സരം ആയിരുന്നു ഇത്. ഭൂട്ടാൻ ആണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ജയത്തോടെ ടൂർണമെന്റ് ആരംഭിച്ചത് ടീമിന് വലിയ ആത്മവിശ്വാസം നൽകും.
ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ എതിർ വല കുലുക്കുന്നത് കണ്ടാണ് മത്സരം ഉണർന്നത്. വലത് വിങ്ങിൽ നിന്നും എത്തിയ ക്രോസ് ബോക്സിനുള്ളിൽ നിന്നും ഗോയാരി വലയിലേക്ക് എത്തിക്കുകയായിരുന്നു. പിറകെ തുടർച്ചയായ അക്രമങ്ങൾ കോർത്തെടുക്കാനും ടീമിനായി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് രണ്ടാം ഗോളും ഇന്ത്യ കണ്ടെത്തി. ത്രൂ ബോൾ ക്ലിയർ ചെയ്യുന്നതിൽ ബംഗ്ലാദേശ് പ്രതിരോധ താരത്തിന് പിഴവ് പറ്റിയപ്പോൾ, നവോബ കൃത്യമായി ഇടപെട്ട് മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ കണ്ടെത്താൻ വിഷമിച്ചു. ഒടുവിൽ 89ആം മിനിറ്റിൽ ഇന്ത്യ മത്സരത്തിലെ മൂന്നാം ഗോൾ കണ്ടെത്തുകയായിരുന്നു. ബോക്സിലേക്ക് മികച്ചൊരു നീക്കം നടത്തി ഇഷാൻ നൽകിയ പാസിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന അർജുൻ ഓയ്നാം ആണ് വല കുലുക്കിയത്.