സാഫ് ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലെബനൻ. ഹസൻ മാതുക്, അലി ബാദെർ എന്നിവരാണ് വിജയികൾക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. ഭൂട്ടാൻ, മാൽദീവ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ഇന്റർകൊണ്ടിനെന്റൽ കപ്പിൽ ഇന്ത്യയോട് കീഴടങ്ങിയ ശേഷം എത്തുന്ന ലെബനൻ ബംഗ്ലാദേശിനെതിരെയും ഭൂരിഭാഗം സമയവും ഗോൾ കണ്ടെത്താൻ വിഷമിച്ചു. പന്ത് കൈവശം വെക്കുന്നതിൽ കൃത്യമായ അധിപത്യം പുലർത്തിയ ലെബനൻ തൊടുത്ത പതിനഞ്ചോളം ഷോട്ടുകളിൽ അഞ്ചും ലക്ഷ്യത്തിന് നേരെ ആയിരുന്നു. എന്നാൽ ആദ്യ ഗോൾ പിറക്കാൻ അവർക്ക് എൺപതാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
ബംഗ്ലാദേശ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നും ബോൾ റാഞ്ചിയെടുത്ത് കുതിച്ച ഡാർവിച്ച്, ബോക്സിലേക്ക് കയറി ക്യാപ്റ്റൻ മാതുക്കിന് മറിച്ചു നൽകിയപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. എന്നാൽ ഇഞ്ചുറി ടൈമിൽ ഡാർവിച്ച് പരിക്കേറ്റ് സ്ട്രച്ചറിൽ കളം വിട്ടു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ലെബനൻ അടുത്ത ഗോൾ കണ്ടെത്തി. പിറകിൽ നിന്നും എത്തിയ ലോങ് ബോൾ ബംഗ്ലാദേശ് താരങ്ങൾക്ക് പിടി കൊടുക്കാതെ സ്വന്തമാക്കിയ ഫറാൻ പോസിറ്റിന് മുന്നിൽക്കായി നൽകിയ പന്തിൽ നിന്നും ഖലീൽ ബാദെർ ആണ് വല കുലുക്കിയത്. ഇതോടെ ലെബനന് വിജയത്തോടെ തന്നെ ടൂർണമെന്റ് ആരംഭിക്കാൻ ആയി.