വനിത ലോക ടി20യില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യയുടെ സെമി പരാജയം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമ്പോള്‍ മിത്താലിയെ പുറത്തിരുത്തിയത് കണ്ട് സങ്കടം തോന്നിയെന്ന അഭിപ്രായവുമായി ജൂലന്‍ ഗോസ്വാമി. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് പ്രതികാരത്തിനുള്ള അവസരം കൂടിയായിരുന്നു ടി20യിലെ സെമി ഫൈനല്‍. എന്നാല്‍ അതുവരെ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യ സെമിയില്‍ കാലിടറുകയായിരുന്നു. ഒരു ഘട്ടത്തില്‍ 89/2 എന്ന നിലയില്‍ നിന്ന് 112 റണ്‍സിനു ടീം ഓള്‍ഔട്ട് ആയതോടെ ലക്ഷ്യം ഇംഗ്ലണ്ട് അധികം വിയര്‍പ്പൊഴുക്കാതെ അടിച്ചെടുത്തു.
ഈ വര്‍ഷം ഓഗസ്റ്റില്‍ ടി20കളില്‍ നിന്ന് വിരമിച്ച ജൂലന്‍ ഗോസ്വാമി എന്നാല്‍ മിത്താലിയെ ഒഴിവാക്കിയത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്ന് പറഞ്ഞു. ടീം മാനേജ്മെന്റിനു ആ തീരുമാനത്തിനു വ്യക്തമായ കാരണമുണ്ടെങ്കിലും തന്നെപോലുള്ള മറ്റു ക്രിക്കറ്റ് ആരാധകര്‍ക്ക് ആ കാഴ്ച ദുഖകരമായിരുന്നു എന്നാണ് പറഞ്ഞത്.
മികച്ച തുടക്കത്തിനു ശേഷമാണ് ഇന്ത്യ തകര്‍ന്നത്. 6 ഓവറില്‍ 43 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷം പിന്നീട് 89 റണ്‍സ് വരെ 2 വിക്കറ്റ് നഷ്ടത്തില്‍ എത്തിയ ശേഷമാണ് ഇന്ത്യ 112 റണ്‍സിനു ഓള്‍ഔട്ട് ആവുന്നത്. അതുവരെ ഇന്ത്യ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയെങ്കിലും ഒരു മത്സരത്തില്‍ ബാറ്റിംഗ് പരാജയപ്പെട്ടപ്പോള്‍ ടീമിനു വലിയ വില കൊടുക്കേണ്ടി വന്നു.