ലോക ഒന്നാം നമ്പർ താരം ആര്യന സെബലങ്ക ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. റോഡ് ലേവർ അരീനയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ കൗമാര താരം ഇവ യോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെബലങ്ക മുന്നേറിയത്. ഒന്നര മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന മത്സരത്തിൽ 6-3, 6-0 എന്ന സ്കോറിനായിരുന്നു സെബലങ്കയുടെ ആധികാരിക വിജയം.
ഇതോടെ തുടർച്ചയായ നാലാം തവണയാണ് താരം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ എത്തുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ തന്റെ മൂന്നാം കിരീടം ലക്ഷ്യമിടുന്ന സെബലങ്കയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
മത്സരത്തിന്റെ ആദ്യ സെറ്റിൽ ഇവ ശക്തമായ പ്രതിരോധം ഉയർത്തിയെങ്കിലും സെബലങ്കയുടെ കരുത്തുറ്റ ഷോട്ടുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സെമിഫൈനലിൽ കൊക്കോ ഗോഫ് – എലിന സ്വിറ്റോലിന മത്സരത്തിലെ വിജയിയെയാണ് സെബലങ്ക നേരിടുക.









