ലോക രണ്ടാം നമ്പർ താരം ഇഗ സ്വിയാടെക്കിനെ പരാജയപ്പെടുത്തി കസാക്കിസ്ഥാന്റെ എലീന റൈബാക്കിന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. റോഡ് ലേവർ അരീനയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു റൈബാക്കിനയുടെ അവിശ്വസനീയ വിജയം. സ്കോർ: 7-5, 6-1.
ഈ തോൽവിയോടെ പോളിഷ് താരം സ്വിയാടെക്കിന്റെ കരിയർ ഗ്രാൻഡ് സ്ലാം എന്ന സ്വപ്നമാണ് ഇത്തവണ മെൽബണിൽ അവസാനിച്ചത്. 2023-ലെ ഫൈനലിൽ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുള്ള റൈബാക്കിനയുടെ കുതിപ്പിന് ഈ വിജയം വലിയ കരുത്തേകും.
മത്സരത്തിന്റെ ആദ്യ സെറ്റിൽ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിർണ്ണായകമായ പന്ത്രണ്ടാം ഗെയിമിൽ സ്വിയാടെക്കിന്റെ സർവീസ് ബ്രേക്ക് ചെയ്തുകൊണ്ട് റൈബാക്കിന സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ റൈബാക്കിനയുടെ സമ്പൂർണ്ണാധിപത്യമാണ് കണ്ടത്. തന്റെ ശക്തമായ സർവീസുകളും കൃത്യതയാർന്ന ഷോട്ടുകളും കൊണ്ട് സ്വിയാടെക്കിനെ നിഷ്പ്രഭയാക്കിയ റൈബാക്കിന ഒരു ഗെയിം മാത്രം വിട്ടുനൽകിക്കൊണ്ട് സെമി ഉറപ്പിച്ചു. കഴിഞ്ഞ 19 മത്സരങ്ങളിൽ താരത്തിന്റെ 18-ാം വിജയമാണിത്. രണ്ടാം സെറ്റിൽ കൂടുതൽ പതറാതെ കളിക്കാൻ സാധിച്ചതാണ് വിജയത്തിന് കാരണമായതെന്ന് മത്സരശേഷം താരം പ്രതികരിച്ചു.
സെമിഫൈനലിൽ ജെസീക്ക പെഗുല അല്ലെങ്കിൽ അമാൻഡ അനിസിമോവ എന്നിവരിൽ ഒരാളെയാണ് റൈബാക്കിന നേരിടുക.









