മിറാൻചുക് രക്ഷകനായി, റഷ്യക്ക് ആദ്യ വിജയം

20210616 202201

ബെൽജിയത്തിന് എതിരെയേറ്റ കനത്ത പരാജയത്തിൽ നിന്ന് റഷ്യ കരകയറി. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഫിൻലാൻഡിനെ നേരിട്ട റഷ്യ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അറ്റലാന്റ താരം മിറാഞ്ചുകിന്റെ തേജോമയമായ ഗോളാണ് റഷ്യക്ക് വിജയം നൽകിയത്. ഈ ജയം റഷ്യയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമാക്കി. ആദ്യ മത്സരത്തിൽ ഡെന്മാർക്കിനെ തോൽപ്പിച്ച ഫിൻലാൻഡിന് ഇന്ന് ആ മികവ് പുലർത്താൻ ആയില്ല.

മത്സരത്തിൽ റഷ്യയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഫിൻലൻഡ് കളി ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ തന്നെ പൊഹൻപാളൊയുടെ ഹെഡർ ഫിൻലൻഡിന് ലീഡ് നൽകി. താരവും ഫിൻലാൻഡും ഗോൾ ആഹ്ലാദിച്ചു എങ്കിലും വാർ ആ ഗോൾ ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി നിഷേധിച്ചു. ഈ ഞെട്ടലിനു ശേഷം പതിയെ റഷ്യ കരകയറി. ഇടയ്ക്കിടെ നല്ല അവസരങ്ങൾ സൃഷ്ടിക്കാനും റഷ്യക്കായി. പത്താം മിനുട്ടിൽ ഗൊളോവിൻ ഒരുക്കി കൊടുത്ത നല്ല അവസരം മുതലെടുക്കാൻ ഒസ്ദോവിനായില്ല. 14ആം മിനുട്ടിൽ ഡിസുബയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

അദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു മിറാഞ്ചുകിന്റെ ഗോൾ വന്നത്. നയനസുഭഗമായ ചുവടുകൾ വെച്ച ശേഷം മിറാഞ്ചുക് തൊടുത്ത ഷോട്ട് ഏതു മത്സരവും വിജയിക്കാൻ മാത്രം മനോഹരമായ ഗോളായിരുന്നു. ഒരു മേജർ ടൂർണമെന്റിലെ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഫിൻലാൻഡ് കളിയിലേക്ക് തിരിച്ചുവരാൻ നല്ല രീതിയിൽ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. രണ്ടാം ഗോൾ നേടാനുള്ള റഷ്യൻ ശ്രമങ്ങളും ഫലം കണ്ടില്ല. ഗ്രൂപ്പ് ബിയിൽ ഈ ഫലത്തോടെ ബെൽജിയം, ഫിൻലൻഡ്, റഷ്യ എന്നീ മൂന്ന് ടീമുകൾക്കും മൂന്ന് പോയിന്റ് വീതമാണ് ഉള്ളത്. ബെൽജിയം നാളെ ഡെന്മാർക്കിനെ നേരിടും.

Previous articleകന്നി ടെസ്റ്റ് വിക്കറ്റുമായി സ്നേഹ റാണ, ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം
Next articleകേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ നാളെ പ്രഖ്യാപിക്കും