റുപേ പ്രൈം വോളി ലീഗ്: ചെന്നൈ ബ്ലിറ്റ്സിനെ തൂത്തുവാരി ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്

Newsroom

Img 20220213 Wa0029
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്: ചെന്നൈ ബ്ലിറ്റ്സിനെ എതിരില്ലാത്ത അഞ്ചു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അഞ്ച് സെറ്റ് വിജയം നേടുന്ന ആദ്യ ടീമായി ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ചരിത്രം കുറിച്ചു. സ്‌കോര്‍: 15-14, 15-11, 15-14, 15-7, 15-13. ഞായറാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിന്ന് ഹൈദരാബാദ് മൂന്ന് പോയിന്റ് നേടി. ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്റെ എസ്.വി ഗുരു പ്രശാന്ത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നാലു മത്സരങ്ങളില്‍ നിന്ന് ഹൈദരാബാദിന്റെ രണ്ടാം വിജയമാണിത്.

നവീന്‍ രാജാ ജേക്കബും ബ്രൂണോ ഡ സില്‍വയും ചേര്‍ന്ന് ചെന്നൈ ബ്ലിറ്റ്സിന് മികച്ച തുടക്കം നല്‍കി. 6-2ന് ടീം മുന്നിലെത്തി. അഖിന്‍ ജി.എസിന്റെ സ്‌പൈക്കുകള്‍ 14-9ന് ലീഡ് നേടാന്‍ ബ്ലിറ്റ്സിനെ സഹായിച്ചു. എന്നാല്‍ ഗുരു പ്രശാന്തും പ്രഫുല്‍ എസും മികച്ച പ്രകടനം പുറത്തെടുത്തതോടെ ബ്ലാക്ക് ഹോക്സ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി, സ്‌കോര്‍ 14-14ന് സമനിലയിലാക്കി. 15-14ന് ആദ്യസെറ്റും ബ്ലാക്ക് ഹോക്സ് നേടി.

വീണ്ടും മികവിലെത്തിയ ചെന്നൈ ബ്ലിറ്റ്സ് രണ്ടാം സെറ്റില്‍ 8-5ന് മൂന്ന് പോയിന്റ് ലീഡ് നേടി. ജോര്‍ജ് ആന്റണി മികച്ച സ്പൈക്ക് പുറത്തെടുത്തെങ്കിലും 11-10ന് ലീഡ് നിലനിര്‍ത്തി. ജേക്കബിന്റെ സ്മാഷ് പുറത്തായതോടെ ഹൈദരാബാദ് സ്‌കോര്‍ 11-11ന് സമനിലയിലാക്കി. സൂപ്പര്‍ സെര്‍വിലൂടെ ആസിഫ്മോന്‍ ബ്ലാക്ക് ഹോക്സിനെ ഡ്രൈവിങ് സീറ്റിലാക്കിയതിന് പിന്നാലെ 15-11ന് സെറ്റ് സ്വന്തമാക്കി മത്സരത്തില്‍ 2-0ന്റെ ലീഡും ഹൈദരാബാദ് നേടി.

മൂന്നാം സെറ്റില്‍ അഖിന്റെ ഒരു തകര്‍പ്പന്‍ ബ്ലോക്ക് ചെന്നൈയെ സൂപ്പര്‍ പോയിന്റ് നേടി 7-5ന് ലീഡ് ചെയ്യാന്‍ സഹായിച്ചു. ഹൈദരാബാദ് പൊരുതി, സ്‌കോര്‍ 8-8ന് സമനിലയില്‍. ഗുരുപ്രശാന്തിന്റെ തകര്‍പ്പന്‍ സ്പൈക്കിലൂടെയും അമിത് ഗുലിയയുടെ ബ്ലോക്കിലൂടെയും ബ്ലാക്ക് ഹോക്സ് സ്‌കോര്‍ വീണ്ടും 12-12ന് സമനിലയിലാക്കി. ജോബിന്‍ വര്‍ഗീസ് ഒരു തകര്‍പ്പന്‍ സ്പൈക്കിലൂടെ ചെന്നൈയെ 14-13ന് മുന്നിലെത്തിച്ചെങ്കിലും ഹൈദരാബാദ് സ്‌കോര്‍ 14-14ന് സമനിലയിലാക്കി. പിന്നീട് ക്യാപ്റ്റന്‍ വിപുല്‍ കുമാറും ജോണ്‍ ജോസഫും ചേര്‍ന്ന് 15-14ന് ബ്ലാക് ഹോക്സിന് തുടര്‍ച്ചയായ മൂന്നാം സെറ്റ് സമ്മാനിച്ചു.
Img 20220213 Wa0030

നാലാം സെറ്റില്‍ 5-1ന് വന്‍ ലീഡ് നേടിയ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 15-7ന് സെറ്റ് സ്വന്തമാക്കി. അവസാന സെറ്റില്‍ ഇരുടീമുകളും കടുത്ത പോരാട്ടം നടത്തി. ജോബിന്‍ വര്‍ഗീസിന്റെ ഗംഭീര സ്പൈക്കിലൂടെ 10-9ന് ബ്ലിറ്റ്സ് ലീഡ് നേടി. സൂപ്പര്‍ പോയിന്റിലൂടെ 13-12ന് ചെന്നൈ വീണ്ടും മുന്നില്‍ നിന്നു. എന്നാല്‍ 14-13ന് ലീഡ് തിരിച്ചുപിടിച്ച ഹൈദരാബാദ് അഞ്ചാം സെറ്റ് 15-13ന് സ്വന്തമാക്കി വോളിലീഗിലെ ചരിത്ര വിജയവും രേഖപ്പെടുത്തി.

തിങ്കളാഴ്ച (ഫെബ്രുവരി 14) വൈകിട്ട് 6.50ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലീഗിലെ 11ാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.