റഗ്ബി ലോകകപ്പിൽ രണ്ടാം സെമിഫൈനൽ വെയിൽസും ദക്ഷിണാഫ്രിക്കയും തമ്മിൽ

Wasim Akram

റഗ്ബി ലോകകപ്പിലെ ജപ്പാന്റെ സ്വപ്നതുല്യമായ കുതിപ്പിന് സ്പ്രിങ് ബോക്‌സ് അന്ത്യം കുറിച്ചു. രണ്ടാം പകുതിയിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം ആണ് അവർക്ക് 26-3 ന്റെ വമ്പൻ ജയം സമ്മാനിച്ചത്. ഒന്നാം പകുതിയിൽ നന്നായി പൊരുതിയ ജപ്പാന് പക്ഷെ 2015 ലെ പ്രകടനം ആവർത്തിക്കാൻ ആയില്ല. 2 ട്രൈ നേടിയ മാപിമ്പിപ്പി തിളങ്ങിയ മത്സരത്തിൽ 2 തവണ ജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയുടെ ജയം ഏതാണ്ട് അനായാസമായി.

അതേസമയം ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിൽ വെയിൽസ് ഫ്രാൻസിനെ 20-19 എന്ന സ്കോറിന് തോൽപ്പിച്ച് സെമിഫൈനൽ ഉറപ്പിച്ചു. തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയരാതിരുന്ന വെയിൽസിന് എതിരെ ഫ്രാൻസ് മികച്ച ആധിപത്യം ആണ് മത്സരത്തിൽ ഉടനീളം പുലർത്തിയത്. എന്നാൽ അപകടകരമായ ഫോൾ ചെയ്ത ഫ്രാൻസ് താരം മത്സരം അവസാനിക്കാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുതലെടുത്ത വെയിൽസ് അവസാനനിമിഷം ജയം പിടിച്ചെടുത്തു. ഇതോടെ റഗ്ബി ലോകകപ്പ് സെമിഫൈനലുകളിൽ വെയിൽസ് ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ട് ന്യൂസിലാൻഡിനേയും നേരിടും. അടുത്ത ആഴ്ചയാണ് സെമിഫൈനൽ മത്സരങ്ങൾ.