2024/25 പ്രീമിയർ ലീഗ് സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ അവസാന മത്സരത്തിന് ശേഷം ഓൾഡ് ട്രാഫോർഡിൽ നടത്തിയ ഹൃദയസ്പർശിയായ പ്രസംഗത്തിൽ പരിശീലകൻ റൂബൻ അമോറിം ക്ലബ്ബിൻ്റെ ആരാധകരോട് ക്ഷമ ചോദിക്കുകയും പ്രത്യാശ നൽകുകയും ചെയ്തു. യുണൈറ്റഡ് ഈ സീസൺ നിരാശാജനകമായ 15-ാം സ്ഥാനത്താണ് അവസാനിപ്പിച്ചത്, എങ്കിലും അവസാന മത്സരത്തിൽ അവർ ആസ്റ്റൺ വില്ലയെ 2-0 ന് തോൽപ്പിച്ചു.

“ഒന്നാമതായി, ഈ സീസണിന് ഞാൻ ക്ഷമ ചോദിക്കുന്നു. ടീമിനെക്കുറിച്ച് ഞാൻ ശരിക്കും നിരാശനാണ്,” ആരാധകർ സഹിച്ച നിരാശയും വേദനയും അംഗീകരിച്ചുകൊണ്ട് അമോറിം പറഞ്ഞു.
പ്രക്ഷുബ്ധമായ ഒരു വർഷത്തിൽ ക്ലബ്ബിനൊപ്പം നിന്ന ആരാധകർക്ക് അദ്ദേഹം നന്ദി പറഞ്ഞു. “ഈ സീസണിൽ നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. പല മത്സരങ്ങളിലും അത് വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് എനിക്കറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ആറ് മാസം മുമ്പ്, ഒരു കൊടുങ്കാറ്റ് വരുന്നു എന്ന് ഞാൻ പറഞ്ഞു. ഈ ദുരന്ത സീസണിന് ശേഷം, നല്ല ദിവസങ്ങൾ വരുന്നു എന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.
“ഏത് സാഹചര്യത്തെയും ദുരന്തത്തെയും മറികടക്കാൻ കഴിഞ്ഞിട്ടുള്ള ഒരു ക്ലബ്ബ് ലോകത്തുണ്ടെങ്കിൽ, അത് നമ്മുടെ ക്ലബ്ബാണ്. അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബാണ്. വളരെ നന്ദി – അടുത്ത സീസണിൽ കാണാം,” എന്ന് പറഞ്ഞാണ് അമോറിം സംസാരം അവസാനിപ്പിച്ചത്.