എംപിഎസ് ഇന്ത്യ ടിപിഎല്‍ 2018 ചാമ്പ്യന്മാരായി ആര്‍ആര്‍ഡി കോബ്രാസ്. ഇന്നലെ ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ 8 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ടോസ് നേടി എതിരാളികളായ ക്യുബര്‍സ്റ്റ് റെഡിനെ ബാറ്റിംഗിനയയ്ച്ച കോബ്രാസ് അവരെ 10 ഓവറില്‍ 39 റണ്‍സിനു എറിഞ്ഞ് പിടിക്കുകയായിരുന്നു. റെഡ് നിരയില്‍ 9 റണ്‍സ് നേടിയ വിബിന് ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷാല്‍ 8 റണ്‍സ് നേടി. ആര്‍ക്കും തന്നെ ഇരട്ടയക്കം കടക്കാന്‍ ആകാതെ വന്ന മത്സരത്തില്‍ കോബ്രാസിനായി അരവിന്ദ് 2 വിക്കറ്റ് നേടി. വിശാഖ്, സനുമോന്‍, ജിത്തിന് രവീന്ദ്രന് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ കോബ്രാസിനു തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ശ്രീനില്‍ രാജ്(26*)-വിശാഖ്(11*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം 7.5 ഓവറില്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 3/2 എന്ന നിലയില്‍ നിന്ന് 37 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ശ്രീനില്‍-വിശാഖ് സഖ്യം നേടിയത്. പ്രവീണ്‍, രാജേഷ് എന്നിവര്‍ ക്യുബര്‍സ്റ്റിനായി ഓരോ വിക്കറ്റ് നേടി.

ശ്രീനില്‍ ആണ് മാന്‍ ഓഫ് ദി ഫൈനല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇവൈ ഗ്രേയുടെ അരുണ്‍ കെ ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. കോബ്രാസിന്റെ ജിത്തിന് രവീന്ദ്രന് ആണ് ടൂര്‍ണ്ണമെന്റിലെ താരവും ബെസ്റ്റ് ബൗളറും.

ഒന്നാം ഘട്ട വിജയികളായി ഇന്‍ഫോസിസ് യെല്ലോ സമ്മാന സ്വീകരിക്കുന്നു.

രണ്ടാം ഘട്ട ഫൈനലില്‍ നാവിഗെന്റിനെ പരാജയപ്പെടുത്തി എന്‍വെസ്റ്റ്നെറ്റ് ജേതാക്കളായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
