സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിൽ കൂറ്റന്‍ സ്കോര്‍ നേടി രാജസ്ഥാന് റോയൽസ്. സഞ്ജു സാംസണിന്റെ(55) അര്‍ദ്ധ ശതകത്തിനൊപ്പം ജോസ് ബട്ലര്(35), ദേവ്ദത്ത് പടിക്കൽ(41), ഷിമ്രൺ ഹെറ്റ്മ്യര്‍(32) എന്നിവരും അതിവേഗത്തിൽ സ്കോര്‍ ചെയ്തപ്പോള്‍ രാജസ്ഥാന് 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്.
സ്വന്തം സ്കോര്‍ പൂജ്യത്തിൽ നില്ക്കുമ്പോള് ജോസ് ബട്ലറെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയെങ്കിലും നോബോള്‍ കാരണം താരത്തിന് ജീവന് ദാനം ലഭിയ്ക്കുകയായിരുന്നു.
ഉമ്രാന് മാലികിന്റെ ഓവറിൽ ജോസ് ബട്ലര് ഉഗ്രരൂപം പൂണ്ടപ്പോള്‍ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 21 റൺസാണ് പിറന്നത്. 5 ഓവറിൽ 50 റൺസ് കടന്ന രാജസ്ഥാന് പവര്‍പ്ലേയ്ക്ക് ശേഷം യശസ്വി ജൈസ്വാലിനെ നഷ്ടമായി.
20 റൺസാണ് താരം നേടിയത്. ഒന്നാം വിക്കറ്റിൽ ബട്ലര് ജൈസ്വാൽ കൂട്ടുകെട്ട് 58 റൺസ് കൂട്ടിചേര്‍ത്തു. 35 റൺസ് നേടി ബട്ലര് പുറത്താകുമ്പോള്‍ 75 റൺസായിരുന്നു രാജസ്ഥാന് നേടിയത്. ബട്ലര് പുറത്തായ ശേഷവും മികവ് തുടര്‍ന്ന സഞ്ജു 10.5 ഓവറിൽ രാജസ്ഥാനെ നൂറ് കടത്തി.
41 പന്തിൽ 73 റൺസ് നേടി കുതിയ്ക്കുകയായിരുന്നു സഞ്ജു – പടിക്കൽ കൂട്ടുകെട്ടിനെ ഉമ്രാന് മാലിക് ആണ് തകര്‍ത്തത്. 29 പന്തിൽ 41 റൺസ് നേടിയ പടിക്കലിനെ ഉമ്രാന് മാലിക് തന്റെ സ്പെല്ലിലെ അവസാന പന്തിൽ ആണ് പുറത്താക്കിയത്. 4 ഫോറും 2 സിക്സുമാണ് താരം നേടിയത്.
അധികം വൈകാതെ 27 പന്തിൽ സഞ്ജു 55 റൺസ് നേടിയപ്പോള്‍ ഭുവനേശ്വര്‍ താരത്തെ പുറത്താക്കി. പിന്നീട് ഷിമ്രൺ ഹെറ്റ്മ്യര്‍ അടിച്ച് തകര്‍ത്തപ്പോള്‍ രാജസ്ഥാന് 200 കടന്നു. 13 പന്തിൽ 32 റൺസാണ് താരം നേടിയത്. 19 പന്തിൽ 44 റൺസാണ് പരാഗുമായി ചേര്‍ന്ന് ഹെറ്റ്മ്യര്‍ നേടിയത്.