ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പരിചിത മുഖമായ റോയ് ഹോഡ്സൺ തിരികെയെത്തുന്നു. വാറ്റ്ഫോർഡിന്റെ പരിശീലകനായാലും റോയ് ഹോഡ്സൺ എത്തുന്നത്. കഴിഞ്ഞ ദിവസം വാറ്റ്ഫോർഡ് റനിയേരിയെ പുറത്താക്കിയിരുന്നു. റിലഗേഷൻ പോരാട്ടത്തിൽ ഉള്ള വാറ്റ്ഫോർഡ് ലീഗിൽ തുടരാൻ ഉള്ള അവസാന ശ്രമമായാണ് റോയ് ഹോഡ്സണെ എത്തിക്കുന്നത്.
കഴിഞ്ഞ സീസൺ അവസാനം ക്രിസ്റ്റൽ പാലസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ റോയ് ഹോഡ്സൻ പരിശീലക സ്ഥാനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 45 വർഷത്തോളമായി പരിശീലകനായി പ്രവർത്തിച്ച ആളാണ് ഹോഡ്സൺ.
തന്റെ 29ആം വയസ്സു മുതൽ പരിശീലകനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഹോഡ്സൺ. 73കാരനായ റോയ് ഹോഡ്സൺ ഇപ്പോൾ പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കോച്ചാകും. ഇന്റർ മിലാൻ, ലിവർപൂൾ, ഫുൾഹാം, ഉഡിനെസെ എന്ന് തുടങ്ങി യൂറോപ്പിലെ പല ക്ലബുകളെയും ഹോഡ്സൺ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വിറ്റ്സർലാന്റ്, ഇംഗ്ലണ്ട് എന്നീ ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.