ഗയാന ആമസോണ്‍ വാരിയേഴ്സിനെതിരെ ആധികാരിക ജയം നേടി ജമൈക്ക തല്ലാവാസ്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 29ാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന 20 ഓവറില്‍ 173/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ജമൈക്ക 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. റോസ് ടെയിലര്‍-റോവ്മന്‍ പവല്‍ കൂട്ടുകെട്ട് നേടിയ അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗയാന ജേസണ്‍ മുഹമ്മദ്(54), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(48), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(34), ചാഡ്വിക്ക് വാള്‍ട്ടണ്‍(25) എന്നിവരുടെ മികവില്‍ നേടുകയായിരുന്നു. റോവ്മന്‍ പവല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒഷെയ്ന്‍ താമസ്, സാമുവല്‍ ബദ്രി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
റോസ് ടെയിലര്‍(60*)-റോവ്മന്‍ പവല്‍(55*) എന്നിവര്‍ ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 114 റണ്‍സാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. 34 പന്തില്‍ 55 റണ്‍സ് നേടിയ പവല്‍ ആണ് കളിയിലെ താരം. ഗ്ലെന്‍ ഫിലിപ്പ്സ്(27), ജോണ്‍സണ്‍ ചാള്‍സ്(25) എന്നിവര്‍ ആണ് പുറത്തായ താരങ്ങള്‍. ഇരു വിക്കറ്റും ഇമ്രാന്‍ താഹിര്‍ ആണ് സ്വന്തമാക്കിയത്.