സംശയമില്ല ഇംഗ്ലണ്ട് വേറെ ലെവൽ തന്നെ, നോക്കുകുത്തിയായി ഇന്ത്യന്‍ ബൗളിംഗ്

Rootbairstow

ഇംഗ്ലണ്ടിലൊരു ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് മേൽ ഇംഗ്ലണ്ടിന്റെ അതിവേഗ ബാറ്റിംഗ് പെയ്തിറങ്ങിയപ്പോള്‍ എഡ്ജ്ബാസ്റ്റണിൽ 7 വിക്കറ്റ് വിജയവുമായി ആതിഥേയര്‍. നാലാം ഇന്നിംഗ്സിൽ 378 റൺസെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് വെറും 76.4 ഓവറിലാണ് വിജയം കരസ്ഥമാക്കിയത്. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 2-2ന് ഒപ്പമെത്തി.

ഇന്നലെ ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന് തുടരെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും ചേര്‍ന്ന് 119 റൺസ് അകലെ വരെ ടീമിനെ എത്തിച്ചിരുന്നു. അതിന്റെ പിന്തുടര്‍ച്ച മാത്രമാണ് എഡ്ജ്ബാസ്റ്റണിൽ കണ്ടത്.

മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ മേൽക്കൈ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ മോശം ബാറ്റിംഗ് കാരണം നഷ്ടമായത് വലിയ തിരിച്ചടിയായി മാറി ഇന്ത്യയ്ക്ക് മത്സരത്തിൽ പരാജയം നേരിടുന്നതിലേക്ക് എത്തിക്കുകയായിരുന്നു.

ജോ റൂട്ട് 142 റൺസും ജോണി ബൈര്‍സ്റ്റോ 114 റൺസും നേടിയപ്പോള്‍ നാലാം വിക്കറ്റിൽ 269 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.