മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പഴയ അറ്റാക്കിംഗ് ത്രയം ആയ വെയ്ൻ റൂണി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കാർലൊസ് ടെവെസ് എന്നിവരടങ്ങിയ സഖ്യം പോലെ ഒന്ന് ഇപ്പോൾ പ്രീമിയർ ലീഗിൽ ഇല്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. സലാ, ഫർമീനോ, മാനേ എന്നിവർ അടങ്ങിയ ലിവർപൂളിലെ അറ്റാക്കിംഗ് ത്രയവും, സ്റ്റെർലിംഗ്, അഗ്വേറോ, സാനെ എന്നിവർ അടങ്ങിയ മാഞ്ചസ്റ്റർ സിറ്റിയിലെ അറ്റാക്കിംഗ് ത്രയവും തനിക്ക് ഇഷ്ടമാണ് എന്നാൽ ആ പഴയ യുണൈറ്റഡ് സഖ്യത്തിന്റെ അടുത്ത് ആരും എത്തില്ല എന്ന് നെവിൽ പറയുന്നു.
റൊണാൾഡോയും റൂണിയും ടെവസും അസാധ്യ ടാലന്റുകൾ ആയിരുന്നു എന്ന് നെവിൽ പറഞ്ഞു. റൊണാൾഡോ ആയിരുന്നു കേമൻ. അദ്ദേഹം സ്കിൽസ് കൊണ്ടാണ് ഗ്രൗണ്ടിൽ നിറയുക. എതിരാളികൾക്ക് എതിരെ രോഷം കാണിക്കുന്ന പതിവ് റൊണാൾഡോയ്ക്ക് ഇല്ല. മോശം ടാക്കിളുകളും ചെയ്യില്ല. കളി മികവ് കൊണ്ട് റൊണാൾഡോ എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ ടെവെസും റൂണിയും ഗ്രൗണ്ടിൽ പോരാളികൾ ആയിരുന്നു. അവർ എതിരാളികളെ തെരുവിലെന്ന പോലെ ഗ്രൗണ്ടിൽ നേരിട്ടു. ഒപ്പം അവർ മികച്ച ടാലന്റുകളും ആയിരുന്നു. ഇവർ മൂന്ന് പേരും ഒരുമിച്ചപ്പോൾ ആർക്കും തടുക്കാൻ കഴിയാതെ ആയി എന്നും നെവിൽ പറഞ്ഞു.
ടെവസിന്റെ പ്രൊഫഷണൽ അല്ലാത്ത രീതിയാണ് ഈ ത്രയം അധിക കാലം നീളാതിരിക്കാൻ കാരണം എന്ന് നെവിൽ പറഞ്ഞു. ടെവസ് പരിശീലനത്തിന് വൈകി എത്തുന്നതും കളിയെ കാര്യമായി എടുക്കാത്തതും ആണ് താരത്തെ ക്ലബിൽ നിന്ന് പുറത്താക്കിയത് എന്നും നെവിൽ പറഞ്ഞു.