അമേരിക്കൻ ഫുട്ബോൾ ലോകത്ത് ഇപ്പോൾ കാണാൻ കഴിയുന്നത് രണ്ട് ഇതിഹാസ താരങ്ങൾ അവരുടെ കരിയർ അവസാനം ആഘോഷിക്കുന്നതാണ്. ഈ സീസണിൽ അമേരിക്കയിലേക്ക് പറന്ന മുൻ മാഞ്ചസ്റ്റർ താരങ്ങളായ സ്ലാട്ടാൻ ഇബ്രാഹിമോവിചും വെയ്ൻ റൂണിയുമാണ് എം എൽ എസ് തങ്ങളുടേതാക്കി മാറ്റുന്നത്. ആദ്യ മാഞ്ചസ്റ്റർ വിട്ട് അമേരിക്കയിൽ എത്തിയത് ഇബ്ര ആയിരുന്നു.
എൽ എ ഗാലക്സിയിൽ എത്തിയ ഇബ്രയുടെ ടീം പതറി എങ്കിലും ഇബ്ര പതറിയില്ല. അത്ഭുത ഗോളുകളും ഹാട്രിക്കുകളും ഒക്കെ ആയി സ്ലാട്ടാൻ അമേരിക്കയിലും തന്റെ പതിവ് തുടർന്നു. സീസണിൽ ആദ്യ കുറച്ച് മത്സരങ്ങൾ കഴിഞ്ഞിരുന്നു സ്ലാട്ടൻ അമേരിക്കയിൽ എത്താൻ. എന്നിട്ടും ഇതുവരെ 21 ഗോളുകൾ ഗാലക്സിക്കായി ലീഗിൽ നേടാൻ സ്ലാട്ടനായി. ആകെ അറ്റ്ലാന്റയുടെ മാർട്ടിനസ് മാത്രമെ ഇബ്രയ്ക്ക് മുന്നിൽ ഗോളുകളുടെ കാര്യത്തിൽ ഉള്ളൂ.
21 ഗോളുകൾക്ക് ഒപ്പം 9 അസിസ്റ്റും ഇബ്രയുടെ പേരിൽ ഉണ്ട്. എല്ലാം 25 മത്സരങ്ങളിൽ നിന്ന്. പരിശീലകൻ അടക്കം പുറത്തായിട്ടും പ്ലേ ഓഫിന് തൊട്ടരികിൽ എൽ എ ഗാലക്സി നിൽക്കുന്നുണ്ട് എങ്കിൽ അത് ഇബ്രയുടെ മികവ് മാത്രമാണ്.
മറുവശത്ത് റൂണിയും അത്ഭുതങ്ങൾ ആണ് കാണിക്കുന്നത്. ലീഗിൽ ഏറ്റവും അവസാനം ഉണ്ടായിരുന്ന ഡി സി യുണൈറ്റഡിനെ പ്ലേ ഓഫിന് രണ്ട് പോയന്റ് മാത്രം അകലെ എത്തിച്ചിരിക്കുകയാണ് ഇപ്പോൾ വെയ്ൻ. 18 മത്സരങ്ങൾ കളിച്ച റൂണി നേടിയത് 10 ഗോളുകളും 7 അസിസ്റ്റും. അതിൽ മിക്കതും മത്സരവും മൂന്ന് പോയന്റും ഡി സിക്ക് നേടിക്കൊടുത്ത സംഭാവനകളും.
സുഖമമായ വിരമിക്കലിനല്ല, തങ്ങളുടെ കാലിൽ ഇനിയും കളി ഉണ്ട് എന്ന് കാണിക്കാനാണ് ഇരുവരും അമേരിക്കയിലേക്ക് പറന്നത് എന്ന് തോന്നിപ്പോകും ഈ പ്രകടനങ്ങൾ കണ്ടാൽ.