അന്താരാഷ്ട്ര ഫുട്‌ബോളിൽ 100 ഗോളുകൾ എന്നത് ഒക്കെ വെറും കേട്ടു കേൾവി ആയ കാലത്ത് ആണ് ഇറാൻ താരം അലി ദെയ് 149 മത്സരങ്ങളിൽ നിന്നു 109 ഗോളുകളും ആയി എല്ലാവരെയും അമ്പരപ്പിച്ചത്. ഗോൾ നേടിയ എതിരാളികൾ ചെറുതാണ് എന്ന ആക്ഷേപം ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും തകർക്കാൻ ആവാതെ ആ റെക്കോർഡ് നിൽക്കും എന്നു കരുതിയവർ ആണ് പലരും. എന്നാൽ ഗോൾ അടിച്ചു മതിവരാതെ ആ റെക്കോർഡ് തേടി ക്രിസ്റ്റാന്യോ റൊണാൾഡോ എന്ന പോർച്ചുഗീസ് താരം എത്തുമ്പോൾ വലിയ അമ്പരപ്പ് ഒന്നും ആർക്കുമില്ല കാരണം റൊണാൾഡോ എന്നത് ലോക ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ആണ് ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആണ്.
2003 ൽ ഖാസാക്കിസ്ഥാനു എതിരെ പോർച്ചുഗല്ലിനായി അരങ്ങേറ്റം കുറിക്കുന്ന 2004 യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രീസിന് എതിരെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ പോർച്ചുഗല്ലിനായി നേടുന്ന റൊണാൾഡോ ക്ലബ് തലത്തിലും രാജ്യത്തിനു ആയും പിന്നീട് നേടിയ നേട്ടങ്ങൾ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്നവ മാത്രം ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിലും, റയൽ മാഡ്രിഡിലും ഇതിഹാസ സമാനമായ കരിയറിന് ഒപ്പം അടിച്ച ഗോളുകളും നേടിയ കിരീടങ്ങളും അത്രമേൽ അധികമാണ്. യുവന്റസിലും ഗോൾ അടിയിൽ അയ്യാൾ പിറകിൽ ആയിരുന്നില്ല. എന്നാൽ ക്ലബ് കുപ്പായത്തിനു അപ്പുറം രാജ്യാന്തര കുപ്പായം അണിയുമ്പോൾ റൊണാൾഡോ കൂടുതൽ അപകടകാരി ആവുന്നത് രാജ്യത്തിനു ആയി എല്ലാം നൽകാൻ ആയി കളത്തിൽ ഇറങ്ങുന്നത് കൊണ്ടാണ്. അതാണ് 180 മത്സരങ്ങളിൽ 111 ഗോളുകളും ഒരു യൂറോപ്യൻ കിരീടവും ആയി ഉയർന്നു നിൽക്കുന്ന റൊണാൾഡോയുടെ പോർച്ചുഗീസ് കരിയർ വിളിച്ചു പറയുന്നത്. കളിച്ച 163 എതിരാളികൾക്ക് എതിരെ ഗോൾ നേടിയ 45 രാജ്യങ്ങൾക്ക് എതിരെ ഗോൾ നേടിയ താരം.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ യൂറോപ്യൻ, ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഫിഫ, യുഫേഫ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമായുള്ള റൊണാൾഡോ തന്നെയാണ് റയൽ മാഡ്രിഡ്, പോർച്ചുഗൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും. ഗോളിന് മുന്നിൽ ഇത്രയും കൃത്യതയുള്ള, ആർത്തിയുള്ള താരം ചിലപ്പോൾ ഫുട്‌ബോളിൽ മുമ്പ് ഉണ്ടായിട്ടില്ല. ആ ആർത്തി തന്നെയാണ് പെനാൽട്ടി പാഴാക്കിയിട്ടും അയർലൻഡിനു എതിരെ ഇരട്ടഗോളുകൾ നേടാൻ റൊണാൾഡോയെ സഹായിക്കുന്നത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ എന്ന റെക്കോർഡ് നേട്ടം 111 ഗോളുകളും ആയി കൈവരിക്കുന്ന റൊണാൾഡോ ഗോളടി ചിലപ്പോൾ നിർത്തുക ആർക്കും ഒരിക്കലും എത്താൻ ആവാത്ത ഉയരത്തിൽ ആവും എന്നത് ഏതാണ്ട് ഉറപ്പാണ്.