ഇഞ്ച്വറി ടൈമിൽ റൊണാൾഡോ രക്ഷകൻ, കോപ ഇറ്റാലിയ സെമിയിൽ മിലാനെതിരെ യുവന്റസിന് സമനില

- Advertisement -

കോപ ഇറ്റാലിയ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ യുവന്റസും എ സി മിലാനും സമനിലയിൽ പിരിഞ്ഞു. മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിരോയിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. അത്ര മികച്ച ഫുട്ബോൾ അല്ല കാഴ്ചവെച്ചത് എങ്കിലും സമനിലയുമായി മടങ്ങാൻ യുവന്റസിനായി. ഫുട്ബോളിലെ സൂപ്പർ താരങ്ങളായ റൊണാൾഡോയും ഇബ്രാഹിമോവിചും നേർക്കുനേർ വന്ന മത്സരമായിരുന്നു ഇത്.

ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ റെബിചിലൂടെ മിലാൻ മുന്നിൽ എത്തി. പിറകിൽ പോയ യുവന്റസിന് തിരികെ വരാൻ അവസരം നൽകിയത് ഒരു ചുവപ്പ് കാർഡാണ്‌. 71ആം മിനുട്ടിൽ തിയോ ഹെർണാണ്ടസ് ചുവപ്പ് കണ്ട് പുറത്തായതോടെ മിലാൻ10പേരായി ചുരുങ്ങി. ഇതോടെ കളിയിലേക്ക് തിരികെവരാൻ യുവന്റസിനായി. 90ആം മിനുട്ടിൽ ഒരു ഹാൻഡ്ബാളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് റൊണാൾഡോ യുവന്റസിന് സമനില നൽകി.

2020ൽ കളിച്ച എട്ട് മത്സരങ്ങളിൽ എട്ടിലും റൊണാൾഡോ ഗോൾ നേടി. സീസണിൽ യുവന്റസിനായി ഇതുവരെ 24 ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞു. സെമി ഫൈനലിന്റെ രണ്ടാം പാദം മാർച്ച് ആദ്യ വാരമാകും നടക്കുക.

Advertisement