യുവന്റസ് ആരാധകർക്ക് ആശങ്കയും നിരാശയും ആണ് ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ നൽകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ കൊറോണ പരിശോധന ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്. ഇതോടെ താരം ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ യുവന്റസിനൊപ്പം ഉണ്ടാകില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഇന്നലെ നടത്തിയ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു എങ്കിൽ റൊണാൾഡോക്ക് ബാഴ്സലോണക്ക് എതിരെ കളിക്കാമായിരുന്നു.
എന്നാൽ ഫലം നെഗറ്റീവ് ആയതോടെ ആ സാധ്യത മങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുവന്റസിന്റെ രണ്ട് പ്രധാന മത്സരങ്ങൾ ഇതിനകം തന്നെ നഷ്ടമായിട്ടുണ്ട്. ടെസ്റ്റിൽ നെഗറ്റീവ് ആയതിനു ശേഷം ഏഴു ദിവസം കഴിഞ്ഞ് മാത്രമെ മത്സരത്തിന് ഇറങ്ങാൻ താരത്തിന് ആവുകയുള്ളൂ. ബാഴ്സലോണയെ ഈ മാസം 28നാണ് യുവന്റസിന് നേരിടാൻ ഉള്ളത്. ഇനി ഒരു ടെസ്റ്റ് നെഗറ്റീവ് ആയാലും ബാഴ്സക്ക് എതിരെ കളിക്കാൻ പ്രോട്ടോക്കോൾ അനുവദിക്കില്ല. താരത്തിന് യാതൊരു രോഗ ലക്ഷണവും ഇല്ല എങ്കിലും ടെസ്റ്റ് നെഗറ്റീവ് ആവാത്തത് ക്ലബിന് ആശങ്ക നൽകും. ഫുട്ബോൾ ആരാധകർക്ക് ഒരു മെസ്സി റൊണാൾഡോ പോരാട്ടവും നഷ്ടമാകും.