ചരിത്രം എഴുതി റൊണാൾഡോ!! ഹംഗറി പ്രതിരോധം മറികടന്ന് അവസാനം പോർച്ചുഗലിന് വിജയം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹംഗറി ഉയർത്തിയ വലിയ വെല്ലുവിളി മറികടന്ന് പോർച്ചുഗലിന് വിജയം. യൂറോ കപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിജയം. അവസാന മിനുട്ടുകളിൽ പിറന്ന മൂന്നു ഗോളുകളാണ് പോർച്ചുഗീസ് നിരയ്ക്ക് വിജയം നൽകിയത്. 84 മിനുട്ട് വരെ ഗോൾ രഹിതമായിരുന്നു മത്സരം. ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗീസ് ജയത്തിൽ പ്രധാന പങ്കുവഹിച്ചു.

ബുഡാപെസ്റ്റിൽ 60000ന് മുകളിൽ വരുന്ന ഹംഗറി ആരാധകർക്ക് മുന്നിൽ കളിക്കുക പോർച്ചുഗലിന് ഒട്ടും എളുപ്പമായിരുന്നില്ല. എങ്കിലും സൂപ്പർ താരങ്ങളായി നിറഞ്ഞ പോർച്ചുഗൽ തന്നെ ആയിരുന്നു തുടക്കം മുതൽ കളി നിയന്ത്രിച്ചതും അറ്റാക്കുകൾ നടത്തിയതും. കളിയുടെ അഞ്ചാം മിനുട്ടിൽ ആദ്യ മികച്ച അവസരം പോർച്ചുഗലിന് ലഭിച്ചു. ലിവർപൂൾ താരം ജോട എടുത്ത ഷോട്ട് പക്ഷെ ലക്ഷ്യം കണ്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പാസ് കൊടുക്കാമായിരുന്ന അവസരത്തിൽ താരം ഷോട്ട് എടുത്തത് റൊണാൾഡോയെ തുടക്കത്തിൽ തന്നെ രോഷാകുലനാക്കി.

മികച്ച അച്ചടക്കത്തോടെ ഡിഫൻഡ് ചെയ്ത ഹംഗറി ഡിഫൻസിനെ പെട്ടെന്ന് മറികടക്കാൻ പോർച്ചുഗലിനായില്ല. ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നീ രണ്ട് മികച്ച ക്രിയേറ്റീവ് താരങ്ങൾ പറങ്കികൾക്ക് ഒപ്പം ഉണ്ടായിട്ടും ഹംഗറി പിടിച്ചു നിന്നു. 39ആം മിനുട്ടിൽ സെമെഡൊയുടെ പാസിൽ നിന്ന് ജോടയുടെ കാലിൽ തന്നെയാണ് പോർച്ചുഗലിന്റെ രണ്ടാം നല്ല അവസരവും വന്നത്. പക്ഷെ ജോടയുടെ ആ ഷോട്ടും ഗോൾ കീപ്പറുടെ നേരെയാണ് പോയത്.

42 മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ ആദ്യ നല്ല അവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് ബ്രൂണോ കൊടുത്ത റൊണാൾഡോ കണക്ട് ചെയ്തു എങ്കിലും ഗോൾ പോസ്റ്റിന്റെ മുകളിലൂടെ പന്ത് ആകാശത്തേക്ക് പറന്നു. രണ്ടാം പകുതിയിലും പോർച്ചുഗൽ പൂർണ്ണമായും അറ്റാക്ക് ചെയ്തു. 46ആം മിനുട്ടിൽ ബ്രൂണോ എടുത്ത കോർണർ പെപെ ഹെഡ് ചെയ്തു എങ്കിലും ഡൈവിങ് സേവിലൂടെ ഗുലാക്സി തടഞ്ഞു.

68ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ലോംഗ് റേഞ്ചർ തടഞ്ഞിടാനും ഗുലാസ്കി പറന്നെത്തി. 80ആം മിനട്ടിൽ ഷോൺ ഹംഗറിക്ക് വേണ്ടി വലകുലുക്കി പോർച്ചുഗലിനെ ഞെട്ടിച്ചു എങ്കിലും ഓഫ് സൈഡ് വിളിക്കപ്പെട്ടു. അവസാനം ആൻഡ്രെ സിൽവയെയും സാഞ്ചെസിനെയും ഒക്കെ പോർച്ചുഗൽ ഇറക്കി ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ ശ്രമിച്ചു എങ്കിലും ഹംഗറി പ്രതിരോധിച്ചു നിന്നു. പക്ഷെ കളി അവസാനിക്കാൻ 6 മിനുട്ട് മാത്രം ശേഷിക്കെ റാഫേൽ ഗുറേറോ പോർച്ചുഗലിനെ രക്ഷിച്ചു. ഗുറേറോ ബോക്സിൽ നിന്ന് എടുത്ത ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിൽ കയറി.

പോർച്ചുഗൽ ലീഡ് എടുത്തതോടെ ഹംഗറി തകർന്നു. ഇതിനു പിന്നാലെ അവർ ഒരു പെനാൾട്ടിയും വഴങ്ങി. റാഫാ സില്വയെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. അത് അവരുടെ വിശ്വസ്തനായ ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിൽ എത്തിച്ചു. ഇതിനു പിന്നാലെ ഇഞ്ച്വറി ടൈമിൽ റൊണാൾഡോയുടെ വക മൂന്നാം ഗോളും വന്നു. റൊണാൾഡോയുടെ പോർച്ചുഗലിനായുള്ള 106ആം ഗോളായിരുന്നു ഇത്. അഞ്ച് യൂറോ കപ്പിൽ കളിക്കുകയും അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമായി റൊണാൾഡോ ഇന്ന് മാറി. പോർച്ചുഗലിന്റെ മൂന്നു ഗോളിലും നിർണായക പങ്കുവഹിച്ചത് സബ്ബായി എത്തിയ ബെൻഫിക താരം റാഫ സില്വ ആയിരുന്നു. ഇനി ജർമ്മനി, ഫ്രാൻസ് എന്നീ വലിയ എതിരാളികൾ ആണ് പോർച്ചുഗലിന് മുന്നിൽ ഉള്ളത്.