മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയേയും രോഹിത് ശർമ്മയെയും ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി തിരഞ്ഞെടുത്തു. സ്റ്റാർ സ്പോർട്സ് ആണ് ഐ.പി.എൽ ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചത്. 50 പേരടങ്ങിയ അടങ്ങിയ ജൂറിയാണ് ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്തത്.
ചെന്നൈ സൂപ്പർ കിങ്സിനെ 11 സീസണിൽ നയിച്ചതിൽ 10 തവണ പ്ലേ ഓഫിൽ എത്തിക്കാൻ ധോണിക്ക് കഴിഞ്ഞിരുന്നു. കൂടാതെ മൂന്ന് തവണ ചെന്നൈ സൂപ്പർ കിങ്സിന് ധോണി കിരീടവും നേടി കൊടുത്തിട്ടുണ്ട്. 2013ൽ ക്യാപ്റ്റൻ ആയതിന് ശേഷം നാല് തവണ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചതാണ് രോഹിത് ശർമ്മയെ ധോണിക്കൊപ്പം മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലേഴ്‌സിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മലിംഗയാണ്. മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കുന്തമുനയുമായ ഷെയ്ൻ വാട്സൺ ആണ് ഏറ്റവും മികച്ച ഓൾ റൗണ്ടർ.
ഇന്ത്യൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനുമായ വിര കോഹ്‌ലിയാണ് ഐ.പി.എൽ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ ബാറ്റ്സ്മാൻ. 177 ഐ.പി.എൽ മത്സരങ്ങൾ കളിച്ച വിരാട് കോഹ്‌ലി 5412 റൺസുമായി ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ്.