രോഹിത് ശര്‍മ്മയെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ആക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇന്നലെ രോഹിത്തിന്റെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ അഞ്ചാം ഐപിഎല്‍ കിരീടം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു ഗൗതം ഗംഭീര്‍.
ബിസിസിഐ ഇന്ത്യയുടെ വൈറ്റ് ബോള്‍ നായകനായി രോഹിത്തിനെ തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ അത് രോഹിത്തിന്റെ അല്ല ഇന്ത്യയുടെ നഷ്ടം മാത്രമായി മാറുമെന്നും ഗൗതം പറഞ്ഞു. ഐപിഎലില്‍ തന്റെ ടീമിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച രോഹിത്തിന്റെ കഴിവ് കുറച്ച് കാണുകയല്ല വേണ്ടതെന്നും ബിസിസിഐ ഈ വിഷയത്തില്‍ ഒരു തീരുമാനത്തിലേക്ക് പെട്ടെന്ന് എത്തുന്നില്ലെങ്കില്‍ വളരെ ഏറെ നഷ്ടങ്ങള്‍ ഇന്ത്യ സഹിക്കേണ്ടി വരുമെന്നും ഗംഭീര്‍ പറഞ്ഞു.
ഐപിഎലില്‍ ഇന്ത്യയുടെ ഇപ്പോളത്തെ നായകനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനുമായ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയിലും പ്രകടനത്തിലും ഗംഭീര്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ടെസ്റ്റില്‍ വിരാട് ടീമിനെ നയിക്കുമ്പോള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആ ചുമതല രോഹിത്തിന് നല്കുന്നതില് വലിയ തെറ്റൊന്നുമില്ലെന്നും ഗംഭീര്‍ സൂചിപ്പിച്ചു.