ആദ്യ കാലങ്ങളിൽ കളികൾ തോൽക്കുമ്പോൾ റോജർ ഫെഡറർ കരയുമായിരുന്നു. പിന്നീട് ജയം ശീലമാക്കിയപ്പോഴും റോജർ കരയുന്ന ശീലം മാറ്റിയില്ല. ഇത് കണ്ട് കാണികളുടെ കണ്ണുകൾ നിറയുമായിരുന്നു.
ഇന്നിപ്പോൾ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ റോജർ കരയുന്നില്ലെങ്കിലും, ടെന്നീസ് ആരാധകർ സങ്കട കടലിലാണ്. റോജറിനൊപ്പം, ആ ടെന്നീസിനൊപ്പം, ആ 20 ഗ്രാൻഡ്സ്ലാം ട്രോഫികൾക്കൊപ്പം വളർന്ന ഒരു തലമുറ ഇന്ന് കണ്ണീരടക്കാൻ പറ്റാതെ തേങ്ങുന്നു. എക്കാലത്തെയും മികച്ച ഈ കളിക്കാരന്റെ വിരമിക്കൽ വാർത്തയെ പറ്റി എഴുതുന്ന റിപ്പോർട്ടമാർ കടലാസിൽ കണ്ണീർ വീഴാതിരിക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടാകും.
പരിക്കുകളുടെ പിടിയിൽ നിന്നു മോചനം കിട്ടാതെ ഒരു വർഷത്തിൽ ഏറെയായി കോർട്ടുകളിൽ നിന്നു റോജർ വിട്ടു നിന്നപ്പോൾ തന്നെ ഈ ലേഖകൻ പ്രവചിച്ചിരുന്നു, അടുത്ത ആഴ്ചത്തെ ലേവർ കപ്പ് ആകും ഈ സ്വിസ് രാജകുമാരന്റെ അവസാന എടിപി ടെന്നിസ് ടൂർണമെന്റ് എന്നു.
ഒരു രാജാവിന് ചേർന്ന യാത്രയയപ്പാകും ഫെഡറർക്ക് ടെന്നീസ് ലോകം നൽകുക. എതിരാളികളായി തുടങ്ങി സുഹൃത്തുക്കളായ മാറിയ കളിക്കാർ മുതൽ, ടെന്നീസിലെ വരും തലമുറയുടെ ദീപശിഖ ഏന്താൻ തയ്യാറായി നിൽക്കുന്ന മുൻനിര കളിക്കാരെല്ലാം അടുത്താഴ്ച്ച ലണ്ടനിൽ ഉണ്ടാകും. യൂറോപ്യൻ ടീം ലോക ടീമിനെ നേരിടുമ്പോൾ ഇതു സ്വാഭാവികം മാത്രം. എന്നാൽ ഇക്കൊല്ലം കളികളെല്ലാം വൈകാരികമാകും എന്ന് ഉറപ്പാണ്. അവരെല്ലാം അവിടെ എത്തുക റോജറിന് വേണ്ടിയാകും, അദ്ദേഹം ടെന്നീസിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് നന്ദി പറയാനാകും. ഒരു കാര്യം ഉറപ്പാണ്, ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ടൂർണമെന്റാകും അടുത്താഴ്ച്ച ലണ്ടനിൽ നടക്കുക.
ഒരു ബോൾ ബോയി ആയി തുടങ്ങി, ടെന്നീസിലെ നക്ഷത്രമായി മാറിയ ഫെഡററെ ലോകം ഒരു കാലത്തും മറക്കില്ല, ആ ഫോർഹാൻഡ്, പിന്നെ ആ സിംഗിൾ ഹാൻഡ് ബാക്ഹാൻഡ് മാത്രമാണ് അതിന് കാരണം. എത്ര ഗ്രാൻഡ്സ്ലാമുകൾ, എത്ര എടിപി ചാംപ്യൻഷിപ്പുകൾ, എത്ര ഒളിമ്പിക് മെഡലുകൾ, ഒന്നാം നമ്പർ ആയി എത്ര ആഴ്ചകൾ, അങ്ങനെ കണക്കെടുക്കുവാൻ എളുപ്പമാണ്, പക്ഷെ ആ കളിയുടെ സൗന്ദര്യം മഷി കൊണ്ട് എഴുതി പിടിപ്പിക്കുക അസാധ്യമാണ്.
ടെന്നീസ് താരങ്ങൾ, രാഷ്ട്ര തലവന്മാർ, ആരാധകർ എല്ലാവരും റോജറിന് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ് ഇന്ന്. ടൂർണമെന്റ് ഗാലറികൾ ഫെഡറെ മിസ് ചെയ്യും എന്ന കാര്യം ഉറപ്പ്, പക്ഷെ ഏറ്റവും അധികം സങ്കടപ്പെടുക ആ കോർട്ടുകളിലെ ബോൾ ബോയ്സ് & ഗേൾസ് ആകും. അവരിൽ ഒരാൾ ആയിരുന്നല്ലോ ലോക ടെന്നീസിലെ ഈ മുടി ചൂടാ മന്നൻ!