ലോക റോഡ് സുരക്ഷ ടൂർണമെന്റിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ വെസ്റ്റിൻഡീസിനെ മറികടന്നാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ആവേശകരമായ മത്സരത്തിൽ 12 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 219 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 206 റൺസ് വരെയെ എത്തിയുള്ളൂ.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി ഇന്ന് ബാറ്റ് ചെയ്തവരല്ലാം തിളങ്ങുന്നതാണ് കണ്ടത്. സെവാഗ് 17 പന്തിൽ 35 റൺസുമായി വെടിക്കെട്ടിന് തുടക്കം കുറിച്ചു. ഒപ്പം ഉണ്ടായ സച്ചിൻ 42 പന്തിൽ നിന്ന് 65 റൺസാണ് എടുത്തത്. സച്ചിന്റെ ഇന്നിങ്സിൽ 3 സിക്സും 6 ബൗണ്ടറിയും ഉൾപ്പെടുന്നു. 21 പന്തിൽ 27 റൺസുമായി മുഹമ്മദ് കൈഫും തിളങ്ങി.
കൈഫ് കൂടെ പുറത്തായതിനു ശേഷം യൂസുഫ് പഠാന്റെയും യുവരാജിന്റെയും വെടിക്കെട്ടായിരുന്നു. 20 പന്തിൽ 37 റൺസാണ് യൂസുഫ് അടിച്ചത്. യുവരാജ് ആറു സിക്സുകൾ പറത്തി 20 പന്തിൽ 49 റൺസ് എടുത്തു. രണ്ടു പേരും പുറത്താകാതെ നിന്നാണ് 3ന് 218 എന്ന സ്കോറിൽ എത്തിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് ഇതിഹാസങ്ങളും നന്നായാണ് ബാറ്റു ചെയ്തത്. ഡ്വെയ്ൻ സ്മിത്ത് 36 പന്തിൽ 63 റൺസുമായി വെസ്റ്റിൻഡീസിന് നല്ല തുടക്കം നൽകി. 28 പന്തിൽ 46 അടിച്ച ലാറയും തിളങ്ങി. 44 പന്തിൽ 59 റൺസ് എടുത്ത ഡിയോനരൈനും തിളങ്ങി. എങ്കിലും വിജയ ലക്ഷ്യത്തിന് ചെറിയ അകലത്തിൽ വെസ്റ്റിൻഡീസിന് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
ഇന്ത്യക്ക് വേണ്ടി വിനയ് കുമാർ രണ്ട് വിക്കറ്റും ഗോണി, ഓജ, ഇർഫാൻ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. മറ്റന്നാൾ നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും.