കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി ചെന്നെയിൻ എഫ്‌സി

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി ചെന്നെയിൻ എഫ്‌സി. ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ ഗോൾ രഹിത സമനിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്. ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ധീരജ് സിംഗിന്റെ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് സഹായകമായത്. ആക്രമിച്ച് കളിക്കുന്ന ചെന്നെയിൻ എഫ്സിയെയാണ് ഇന്ന് ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കണ്ടത്.

ആദ്യ പകുതിയിൽ കിതച്ചുവെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്. ബ്ലാസ്റ്റേഴ്‌സ് നിരയിൽ നിന്നും മലയാളി താരം സഹൽ മാത്രമാണ് പ്രതീക്ഷയ്ക്ക് വകയ്‌ക്കൊത്ത ചില നീക്കങ്ങൾ നടത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പിഴവുകൾ വ്യക്തമായ മത്സരത്തിൽ ചെന്നൈയുടെ ഭാഗ്യക്കേടാണ് അവരിൽ നിന്നും വിജയമകറ്റിയത്.

ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സഞ്ചിബൻ ഘോഷിന്റെ തകർപ്പൻ പ്രകടനവും ചെന്നൈക്ക് ഗുണകരമായി. സഹലിന്റെ ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് ഘോഷ് തട്ടിയകറ്റിയിരുന്നു. ഒൻപത് മത്സരങ്ങൾ കഴിയുമ്പോൾ എടികെക്ക് പിന്നിലായി എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. അഞ്ച് പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്‌സി.