ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയോടെ തുടക്കം. ഇന്ന് സ്വിറ്റ്സർലാന്റിൽ വെച്ച് സ്വിസ്സ് ചാമ്പ്യന്മാരെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന്റെ പരാജയവുമായാണ് മടങ്ങിയത്. ആദ്യ പകുതിയിൽ ഡിഫൻഡർ വാൻ ബിസാക ചുവപ്പ് കാർഡ് കിട്ടി പുറത്തായതാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.
ഇന്ന് സ്വിറ്റ്സർലാന്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ 13ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലീഡ് എടുത്തു. സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ലീഡ് നൽകിയത്. ഇടതു വിങ്ങിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് പുറം കാൽ നൽകിയ പാസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റൊണാൾഡോ വലയിൽ എത്തിച്ചു. യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിനു ശേഷമുള്ള റൊണാൾഡോയുടെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം ഡിഹിയയുടെ ഒരു സേവ് ഒഴിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിയന്ത്രണത്തിൽ കളി പോകുമ്പോൾ ആണ് ചുവപ്പ് കാർഡ് വന്നത്.
35ആം മിനുട്ടിൽ അനാവശ്യമായ ഒരു ടാക്കിളിലൂടെ ചുവപ്പ് കാർഡ് വാങ്ങി വാൻ ബിസാക പുറത്ത് പോയി. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമ്മർദ്ദത്തിലാക്കി. ഡാലോട്ടിനെയും വരാനെയും ഇറക്കി പൂർണ്ണമായും ഡിഫൻസിൽ ഊന്നു കളിക്കേണ്ട അവസ്ഥയിലേക്ക് യുണൈറ്റഡ് വന്നു. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിന് അധിക സമയം പിടിച്ചു നിൽക്കാൻ ആയില്ല. വലതു വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസ് തടയാൻ യുണൈറ്റഡ് ഡിഫൻസിനായില്ല. മൗമു ഇംഗമാലുവാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വലയിൽ പന്തെത്തിച്ചത്.
70 മിനുട്ട് കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബ്രൂണോയെയും പിൻവലിച്ചു. മാറ്റിചിനെ ഇറക്കി മധ്യനിരയിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരിക ആയിരുന്നു യുണൈറ്റഡ് ലക്ഷ്യം. സമനില ഗോളിന് ശേഷം മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ യങ് ബോയ്സും കഷ്ടപ്പെട്ടു.
അവസാനം വരെ ഡിഫൻഡ് ചെയ്ത് സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലണ്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയത്. 95ആം മിനുട്ടിൽ എന്നാൽ ലിംഗാർഡ് യങ് ബോയ്സിന് ഗോൾ സമ്മാനിച്ചു. ലിംഗാർഡിന്റെ ബാക്ക് പാാ സ്വീകരിച്ച് സിയബെച്ചു സ്വിസ്സ് ചാമ്പ്യന്മാർക്ക് വിജയം നൽകി.
കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ആവാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ തുടക്കം വലിയ നിരാശ ആയിരിക്കും നൽകുക.