ചാമ്പ്യൻസ് ലീഗിലെ ഐതിഹാസിക കുതിപ്പ് തുടർന്ന് ഉക്രേനിയൻ ക്ലബ്ബായ ശക്തർ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ശക്തർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. പകരക്കാരായി ഇറങ്ങിയ ഡെന്റീൻഹോയും മാനൊർ സോളമനുമാണ് ശക്തറിനായി ഗോളടിച്ചത്. ഈ സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലെ തകർപ്പൻ ഫോം തുടരുകയാണ് ശക്തർ.
13തവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ക്ലബായ റയൽ മാഡ്രിഡിനെ വീണ്ടും തോൽപ്പിക്കാൻ ശക്തറിനായി. ജർമ്മൻ ടീമായ ബൊറുസിയ മോഷൻഗ്ലാട്ബാക്കിനോട് ആറ് ഗോൾ പരാജയമേറ്റു വാങ്ങിയ ശക്തർ വമ്പൻ തിരിച്ച് വരവാണ് ഇന്നത്തെ മത്സരത്തിൽ നടത്തിയത്. റയലിനോട് ആദ്യ മത്സരത്തിൽ 2-3ന്റെ ജയം ശക്തർ നേടിയിരുന്നു. നിർണായക മത്സരത്തിന് ഇറങ്ങിയ സിദാനും സംഘത്തിനും ഒന്നും നഷ്ടപ്പെടാനില്ലാത്തവണ്ണം കളിച്ച ശക്തറിനെതിരെ ഫലപ്രദമായ തന്ത്രങ്ങൾ ഒന്നും മെനയാനായില്ല.
പ്രതിരോധത്തിലെ പിഴവ് തന്നെയാണ് ഇത്തവണയും റയൽ മാഡ്രിഡ് ഗോൾ വഴങാൻ കാരണം. വരാനെയും മെൻഡിയും കാഴ്ച്ചക്കാരായപ്പോൾ കോർതോയെ സാക്ഷിയാക്കി ആദ്യം പന്ത് റയലിന്റെ വലയിൽ കയറി. പിന്നീട് 82ആം മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ശക്തർ ജയം സ്വന്തമാക്കുകയും ചെയ്തു. ഇനി റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് ഭാവി ചിത്രം വ്യക്തമാവാൻ ഇപ്പോൾ ബൊറുസിയ- ഇന്റർ മത്സരം അവസാനിക്കണം.