തുടർച്ചയായ നാലാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ റയൽ മാഡ്രിഡിന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആധികാരിക വിജയം. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ റോമയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഇന്ന് തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാ എന്ന കുറവ് ഓർമ്മിപ്പിക്കുക പോലും ചെയ്യാത്തതായിരുന്നു റയൽ മാഡ്രിഡിന്റെ പ്രകടനം.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇസ്കോയെടുത്ത മനോഹര ഫ്രീകിക്കായിരുന്നു റയലിനെ മുന്നിൽ എത്തിച്ചത്. പിന്നീട് ബെയ്ലിന്റെ ഊഴമായിരുന്നു. 58ആം മിനുട്ടിൽ മോഡ്രിച് കൊടുത്ത ത്രൂപാസ് ബോക്സിന്റെ ഇടതു ഭാഗത്ത് നിന്ന് സ്വീകരിച്ച ബെയ്ല് അനായസമായ ചുവടുവെപ്പുകൾക്ക് ശേഷം റോമൻ വലയിൽ എത്തിച്ചു. അവസാന 10 മത്സരങ്ങളിൽ റലിനായുള്ള പത്താം ഗോളായിരുന്നു ഇത്.
കളിയുടെ അവസാന നിമിഷം മരിയാനോ റയലിന്റെ ഗോൾ പട്ടിക തികച്ചു. ബോക്സിന് തൊട്ടു പുറത്ത് നിന്നൊരു ഗംഭീര സ്ട്രൈക്കായിരുന്നു റയലിന്റെ പുതിയ നമ്പർ 7ന് മാഡ്രിഡിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നൽകിയത്.