ക്യാപ്റ്റൻ സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ നിന്നും പുറത്തേക്ക്. റയൽ മാഡ്രിഡ് സമൂഹമാധ്യമങ്ങളിലൂടെയാണ് 16 സീസണുകൾക്കവസാനം റാമോസ് ക്ലബ്ബ് വിടുന്ന കാര്യം സ്ഥിരീകരിച്ചത്. 2005ലാണ് റയൽ മാഡ്രിഡിലേക്ക് സെവിയ്യയിൽ നിന്നും റാമോസ് എത്തുന്നത്. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ലാലീഗ കിരീടങ്ങളും റാമോസ് റയൽ മാഡ്രിഡിനൊപ്പം ഉയർത്തിയിട്ടുണ്ട്.
സ്പാനിഷ് ദേശീയ ടീമിനൊപ്പം ലോകകപ്പും രണ്ട് യൂറോ ചാമ്പ്യൻഷിപ്പുകളും റാമോസ് നേടിയിട്ടുണ്ട്. റയലിന് വേണ്ടി 671മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞ ക്യാപ്റ്റൻ 101 ഗോളുകളുമടിച്ചു. നാളെ ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറെന്റീനോ പെരെസിനൊപ്പം റാമോസ് പത്രസമ്മേളനത്തിൽ പങ്കെടുക്കുമെന്നും റയൽ മാഡ്രിഡ് അറിയിച്ചിട്ടുണ്ട്. ഏറെക്കാലമായി റയലുമായി കരാർ പുതുക്കാൻ റാമോസ് ശ്രമിക്കുകയായിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം സ്പെയിനിന്റെ ദേശീയ ടീമിൽ ഇടം നേടാൻ റാമോസിനായിരുന്നില്ല.