സ്പാനിഷ് ലാ ലീഗയിൽ വീണ്ടും പരാജയം വഴങ്ങി റയൽ മാഡ്രിഡ്. ഇത്തവണ റയൽ സോസിദാഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവരെ തോൽപ്പിച്ചത്. ഇതോടെ ലീഗിൽ അഞ്ചു മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിലവിൽ 14 പോയിന്റുകൾ മുന്നിലുള്ള ബാഴ്‌സലോണക്ക് വെറും ഒരു ജയം നേടാൻ ആയാൽ കിരീടം ഉറപ്പിക്കാം. അതേസമയം ജയത്തോടെ ലീഗിലെ നാലാം സ്ഥാനം ഒന്നു കൂടി ഉറപ്പിക്കാൻ സോസിദാഡിന് ആയി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സംഭവബഹുലമായ രണ്ടാം പകുതിയാണ് കാണാൻ ആയത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ പാഴാക്കിയപ്പോൾ ഇടക്ക് സോസിദാഡിന്റെ ഒരു ശ്രമം ബാറിൽ തട്ടി മടങ്ങി. രണ്ടാം പകുതി തുടങ്ങിയ ഉടൻ കൗണ്ടർ അറ്റാക്കിൽ നിന്നു ഗോൾ നേടിയ ജപ്പാനീസ് താരം കുബോ റയൽ മാഡ്രിഡിനെ ഞെട്ടിച്ചു. 53 മത്തെ മിനിറ്റിൽ ആദ്യ മഞ്ഞ കാർഡ് കണ്ട കാർവഹാൽ മോശം ഫൗളിന് 61 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ റയൽ 10 പേരായി ചുരുങ്ങി. 85 മത്തെ മിനിറ്റിൽ ഡേവിഡ് സിൽവയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബാരനെറ്റ്സിയ ഗോൾ നേടിയതോടെ റയൽ പരാജയം ഉറപ്പാകുക ആയിരുന്നു.