രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റയൽ മാഡ്രിഡ് വീണ്ടും ലാലിഗ ചാമ്പ്യന്മാർ. ഇന്ന് വിജയിച്ച് കൊണ്ട് തന്നെ കിരീടം നേടണം എന്ന സിദാന്റെ വാക്കുകൾ വെറുതെ ആയില്ല. വിയ്യാറയലിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്. ബെൻസീമയുടെ ഇരട്ട ഗോളുകളാണ് റയലിന് ഇന്ന് വിജയം നൽകിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച റയൽ 29ആം മിനുട്ടിൽ ആണ് ലീഡ് എടുത്തത്. മോഡ്രിചിന്റെ പാസിൽ നിന്ന് ബെൻസീമ ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ബെൻസീമ രണ്ടാം ഗോളും നേടി. ബെൻസീമക്ക് ഇതോടെ ലീഗിൽ 21 ഗോളുകളായി.
റയൽ മാഡ്രിഡ് വിജയിച്ചപ്പോൾ മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണ പതറുന്നതാണ് കാണാൻ കഴിഞ്ഞത്. ഒസാസുനയ്ക്ക് എതിരെ ബാഴ്സലോണ സ്വന്തം ഗ്രൗണ്ടായ കാമ്പ്നുവിൽ 2-1ന്റെ പരാജയം ഏറ്റുവാങ്ങി.
ലീഗിൽ ഇനിയും ഒരു മത്സരം ശേഷിക്കെ ആണ് സിദാന്റെ ടീം ലാലിഗ കിരീടം ഉറപ്പിച്ചിരിക്കുന്നത്. 37 മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡിന് 86 പോയന്റാണ് ഉള്ളത്. രണ്ടാമതുള്ള ബാഴ്സലോണയ്ക്ക് 79 പോയന്റാണ്. ഇനി ബാക്കി ഒരു മത്സരമേ ഉള്ളൂ എന്നതിനാൽ അവർക്ക് റയലിനെ എത്തിപിടിക്കാൻ ആവില്ല.
റയൽ മാഡ്രിഡിന്റെ 34ആം ലാലിഗ കിരീടമാണ് ഇത്. ഏറ്റവും കൂടുതൽ ലാലിഗ കിരീടം നേടിയതും റയൽ തന്നെയാണ്. ബാഴ്സലോണക്ക് 26 ലീഗ് കിരീടമാണുള്ളത്. അവസാന എട്ടു വർഷത്തിനിടയിൽ റയൽ മാഡ്രിഡ് നേടുന്ന രണ്ടാം ലീഗ് കിരീടം മാത്രമാണ് ഇത്. റയൽ മാഡ്രിഡ് പരിശീലകൻ സിദാന്റെ രണ്ടാം ലീഗ് കിരീടവും. നേരത്തെ 2016-17 സീസണിലും സിദാന്റെ കീഴിൽ റയൽ മാഡ്രിഡ് ലാലിഗ കിരീടം നേടിയിരുന്നു.