ചാമ്പ്യൻസ് ലീഗ് രാത്രികൾ അത്ഭുത രാത്രികൾ ആയി മാറുന്നത് ആദ്യമല്ല. പക്ഷെ ഇങ്ങനെയൊരു രാത്രി. റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് അയാക്സ് എന്ന ഡച്ച് ക്ലബ് 4-1ന് വിജയിച്ചു എന്ന് പറഞ്ഞാൽ പെട്ടെന്ന് ഉൾക്കൊള്ളാൻ ഫുട്ബോൾ ആരാധകർക്ക് കഴിഞ്ഞേക്കില്ല. പക്ഷേ അതാണ് ഇന്ന് സംഭവിച്ചത്. അവസാന മൂന്ന് വർഷവും ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി റെക്കോർഡ് ഇട്ട യൂറോപ്പിലെ ഏറ്റവും വലിയ ശക്തിയെ അയാക്സിന്റെ യുവനിര നിലംപരിശാക്കുകായിരുന്നു ഇന്ന്.
2-1ന് സ്വന്തം നാട്ടിൽ പരാജയപ്പെട്ട് കൊണ്ട് സ്പെയിനിലേക്ക് വണ്ടി കയറി വന്ന അയാക്സിന് ഇന്ന് റയൽ മാഡ്രിഡിനെ അട്ടിമറിക്കാൻ ആകുമെന്ന് ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മത്സരം തുടങ്ങി 20 മിനുട്ട് കഴിഞ്ഞപ്പോൾ ബെർണബാവുവിൽ അയാക്സ് 2-0 എന്ന സ്കോറിന് മുന്നിൽ എത്തി. 3-2ന്റെ അഗ്രിഗേറ്റ് ലീഡും. എല്ലാം പെട്ടെന്നായിരുന്നു. അയാക്സും അയാക്സിന്റെ യുവനിരയുടെ വേഗതയും റയൽ മാഡ്രിഡിനെ ആകെ വലച്ചു.
ആദ്യം ഏഴാം മിനുട്ടിൽ ടാഡിച് നടത്തി മുന്നേറ്റത്തിന് ഒടുവിൽ ഹക്കീം സിയെചിന്റെ ഒരു ക്ലാസ് ഫിനിഷ്. അപ്പോൾ റയൽ മാഡ്രിഡ് ഞെട്ടിയില്ല. തിരിച്ചുവരാം എന്ന് കരുതി. പക്ഷെ 18ആം മിനുട്ടിൽ വീണ്ടും ടാഡിച് വലതു വിങ്ങിൽ നിന്ന് പന്ത് എടുത്തു കുതിച്ചു. ഒരു ലോകോത്തര കുതിപ്പായിരുന്നു അത്. ആ ഓട്ടവും അതിനു ശേഷം ടാഡിച് നൽകിയ പാസും അതും കഴിഞ്ഞ് നെരെസിന്റെ ഫിനിഷും. സ്കോർ 2-0. അവിടെ റയൽ മാഡ്രിഡ് ഞെട്ടി. പക്ഷെ പിന്നീട് ഒരു തിരിച്ചുവരവുണ്ടായിരുന്നില്ല.
ആദ്യ പകുതിയിൽ തന്നെ നിരവധി അവസരങ്ങൾ അയാക്സ് സൃഷ്ടിച്ചു എങ്കിലും റയലിന്റെ ഭാഗ്യത്തിന് സ്കോർ 2-0 എന്ന് തന്നെ നിന്നു. പക്ഷെ രണ്ടാം പകുതിയിൽ ആ ഭാഗ്യം അങ്ങനെ നിന്നില്ല. 62ആം മിനുട്ടിൽ വീണ്ടും ടാഡിച് തന്നെ വില്ലനായി. ഇത്തവണ അസിസ്റ്റ് അല്ല ഒരു കിടിലൻ സ്ട്രൈക്കിലൂടെ ഗോൾ. സ്കോർ 3-0.
അവിടെ തന്നെ തങ്ങൾ പുറത്ത് പോവുകയാണെന്ന് റയൽ മാഡ്രിഡിന് മനസ്സിലായി. എങ്കിലും അസൻസിയോവിലൂടെ ഒരു ഗോൾ മടക്കി പ്രതീക്ഷ വെക്കാൻ റയലിനായി. പക്ഷെ ആ ഗോൾ വീണു മിനുട്ടുകൾക്ക് ഇടയിൽ റയൽ മാഡ്രിഡിന്റെ പരാജയത്തിന്റെ അവസാന മണിമുഴക്കിയ അയാക്സിന്റെ നാലാം ഗോളും എത്തി. ഇത്തവണ ഷോണിന്റെ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്. സ്കോർ 4-1, അഗ്രിഗേറ്റിൽ 5-3. റയൽ പുറത്തേക്ക്, അയാക്സ് ക്വാർട്ടറിൽ.
കളിയുടെ അവസാന നിമിഷങ്ങൾ റയൽ മാഡ്രിഡ് താരം നാചോ ചുവപ്പ് കാർഡും വാങ്ങിയതോടെ പരാജയം പൂർണ്ണമാക്കി. റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലെ തുടർച്ചയായ നാലാം പരാജയമാണിത്.