ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ തുടർച്ചയായ മൂന്നാം തവണയും റയൽ മാഡ്രിഡ് എത്തിയിരിക്കുന്നു. ഇന്ന് സെമി പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ കശിമ ആന്റ്ലേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോൽപ്പിച്ചത്. കളിയുടെ തുടക്കത്തിൽ കശിമ റയലിനൊപ്പം പിടിച്ചു നിന്നെങ്കിലും കളി പകുതിയോട് അടുത്തപ്പോഴേക്കും കശിമ താരങ്ങൾ തളർന്നു.
വെയിൽസ് താരം ഗരെത് ബെയ്ലിന്റെ ഹാട്രിക്കാണ് റയലിന് ഈ വലിയ ജയം സമ്മാനിച്ചത്. 44ആം മിനുട്ടിൽ മാർസെലോയുടെ പാസിൽ നിന്നാണ് ബെയ്ലിന്റെ ആദ്യ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ വീണ്ടും മാർസെലോ ബെയ്ല് സഖ്യം തന്നെ കശിമയുടെ ഗോൾ വലയിൽ പന്തെത്തിച്ചു. മൂന്നാം ഗോൾ കശിമ ഡിഫൻഡറുടെ ബാക്ക് പാസിൽ നിന്നായിരുന്നു. പാസ് കൈക്കലാക്കിയ ബെയ്ലിന് വലയിലേക്ക് പന്ത് തട്ടി ഇടുകയെ വേണ്ടി വന്നുള്ളൂ. ഹാട്രിക്ക് പൂർത്തിയാക്കി 60 മിനുട്ടിലേക്ക് ബെയ്ല് കളം വിടുകയും ചെയ്തു. കളിയുടെ 80ആം മിനുട്ടിൽ ആയിരുന്നു കശിമയുടെ ആശ്വാസ ഗോൾ വന്നത്.
ഫൈനലിൽ ആതിഥേയരായ അൽ ഐൻ ആകും റയൽ മാഡ്രിഡിന്റെ എതിരാളികൾ. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ റിവർ പ്ലേറ്റിനെ അട്ടിമറിച്ചാണ് അൽ ഐൻ ഫൈനലിലേക്ക് എത്തിയത്. ഇത്തവണ കൂടെ ക്ലബ് ലോകകപ്പ് ഉയർത്തിയാക് തുടർച്ചയായി മൂന്ന് തവണ കപ്പ് ഉയർത്തുന്ന ആദ്യ ടീമായി റയൽ മാഡ്രിഡ് മാറും.