ചാമ്പ്യൻസ് ലീഗിൽ മരണ ഗ്രൂപ്പ് ആകും എന്ന് പ്രവചിച്ച ഗ്രൂപ്പുകൾ ഒന്നും അല്ല മരണ ഗ്രൂപ്പായി മാറിയത്. റയൽ മാഡ്രിഡും ഇന്റർ മിലാനും എളുപ്പം നോക്കൗട്ട് റൗണ്ടിൽ എത്തും എന്ന് എല്ലാവരും കരുതിയ ഗ്രൂപ്പ് ബി ആണ് എല്ലാവരെയും ഞെട്ടിച്ചത്. ഇന്നലെ റയൽ മാഡ്രിഡ് പരാജയപ്പെടുകയും ഇന്റർ മിലാൻ വിജയിക്കുകയും ചെയ്തതോടെ ആരും അവസാന ദിവസം യോഗ്യത നേടാം എന്ന നിലയിലാണ് ഗ്രൂപ്പ് ബി കിടക്കുന്നത്.
ഇന്നലെ ശക്തറിനോട് എതിരില്ലാത്ത രണ്ട് ഗോളുകളുടെ പരാജയമാണ് റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയത്. ഇതോടെ ശക്തറിനും റയലിനും 7 പോയന്റായി. എന്നാൽ ഹെഡ് ടു ഹെഡ് മികവിൽ ശക്തർ രണ്ടാമതും റയൽ മൂന്നാമതും ആയി. അവസാന സ്ഥാനത്തുള്ള ഇന്റർ മിലാൻ ഇന്നലെ 3-2 എന്ന സ്കോറിനാണ് ഗ്ലാഡ്ബാചിനെ തോൽപ്പിച്ചത്. ഇന്ററിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണ്.
ഈ വിജയത്തോടെ ഇന്ററിന് അഞ്ചു പോയിന്റായി. അവസാന മത്സരത്തിൽ ശക്തറിനെ ആണ് ഇന്റർ നേരിടേണ്ടത്. ആ മത്സരം വിജയിച്ചാൽ ഒന്നാമത് എട്ട് പോയിന്റുമായി നിൽക്കുന്ന ഗ്ലാഡ്ബാചിനൊപ്പം എത്താൻ ഇന്ററിനാകും. റയൽ അവസാന മത്സരത്തിൽ ഗ്ലാഡ്ബാചിനെ ആണ് നേരിടുന്നത്. അന്ന് റയലിന് വിജയം അത്യാവശ്യമാണ്. ഗ്ലാഡ്ബാചിന് ഒരു സമനില പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചു കൊടുക്കും. റയൽ മാഡ്രിഡോ ഇന്റർ മിലാനോ പുറത്തായാൽ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ നിരാശയാകും അത്.
റയൽ മാഡ്രിഡിന് അവസാന ദിവസം ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാർ ആകാനും അവസാന സ്ഥാനക്കാരും ആകാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്. ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്യുക ആണെങ്കിൽ അത് റയൽ മാഡ്രിഡിനെ അവരുടെ ചരിത്രത്തിൽ ആദ്യമായി യൂറോപ്പ ലീഗിൽ എത്തിക്കും.