ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് സമനില. ഇന്ന് ബെർണബെയുവിൽ ജിറോണ ആണ് റയലിനെ സമനിലയിൽ തളച്ചത്. വിവാദമായ റഫറി തീരുമാനങ്ങൾ റയലിന് ഇന്ന് തിരിച്ചടിയായി. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ബെൻസീമ ഇല്ലാതിരുന്ന മത്സരത്തിൽ ആദ്യ ഗോൾ നേടാൻ റയൽ ഏറെ സമയം എടുത്തു. മത്സരത്തിന്റെ 70ആം മിനുട്ടിൽ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ വന്നത്.
വാല്വെർദെ നൽകിയ പാസ് ഒരു ഡൈവിങ് ഫിനിഷിലൂടെ ബ്രസീലിയൻ താരം വിനീഷ്യസ് ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിന് ഒരു പെനാൾട്ടിയിലൂടെ 80ആം മിനുട്ടിൽ ജിറോണ മറുപടി നൽകി. ഹാംഡ് ബോളിന് നൽകിയ പെനാൾട്ടി റയൽ താരങ്ങളുടെ പ്രതിഷേധത്തിന് കാരണമായെങ്കിലും വിധി മാറിയില്ല. സ്റ്റുവാനി പെനാൾട്ടി സ്പോട്ടിൽ നിന്ന് പന്ത് ലക്ഷ്യത്തിലേക്ക് എത്തിച്ചു.
ഇതിനു പിന്നാലെ 90ആം മിനുട്ടിൽ റോഡ്രിഗോ റയൽ മാഡ്രിഡിന് ലീഡ് നൽകി എങ്കിലും ഗോളി റൊഡ്രിഗോ ഗോളടിക്കും മുമ്പ് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എന്ന് വിധിച്ചതോടെ ആ ഗോൾ നിലനിന്നില്ല. ഇത് കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ റയൽ മാഡ്രിഡ് മധ്യനിര താരം ക്രൂസ് ചുവപ്പ് കാർഡും കണ്ടതോടെ റയലിന്റെ വിജയ സാധ്യത അവസാനിച്ചു.
സമനില ആണെങ്കിലും ഈ മാച്ച് വീക്കിലും റയൽ ഒന്നാമത് തുടരും. 32 പോയിന്റുള്ള റയലിന് പക്ഷെ ഇപ്പോൾ ബാഴ്സയെക്കാൾ ഒരു പോയിന്റ് മാത്രമെ കൂടുതൽ ഉള്ളൂ.