ഇരട്ട ഗോളുകളുമായി ബെൻസിമ രക്ഷക്കെത്തിയപ്പോൾ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കടന്ന് റയൽ മാഡ്രിഡ്. ഇന്ന് ഒരു ജയം മാത്രം ലക്ഷ്യം വെച്ചിറങ്ങിയ സിദാനും സംഘത്തിനും പിഴച്ചില്ല. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമ്മൻ ക്ലബ്ബായ ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
യൂറോപ്പ ലീഗിലേക്കില്ല ചാമ്പ്യന്മാരുടെ ടൂർണമെന്റിൽ ഉറച്ച് നിൽക്കാൻ തന്നെയായിരുന്നു സ്പാനിഷ് ക്ലബ്ബിന്റെ തീരുമാനം. ആദ്യ പകുതിയിലെ കെരീം ബെൻസിമയുടെ ഇരട്ട ഹെഡ്ഡറുകൾ കളി റയലിന്റെ പേരിലാക്കി. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഇന്റർ മിലാൻ – ശാക്തർ മത്സരം സമനിലയായതിനാൽ ബുണ്ടസ് ലീഗ ടീമായ ബൊറുസിയ മോഷൻഗ്ലാഡ്ബാക്കും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കടന്നിരീക്കുകയാണ്. യൂറോപ്പിൽ 13 തവണ ചാമ്പ്യന്മാരായ റയൽ ഇത്തവണ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ നിന്നും പുറത്താവൽ ഭീഷണി ഏറ്റുവാങ്ങിയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ശക്തറിനോടേറ്റ പരാജയം റയലിന് സമ്മർദ്ദമേറ്റിയിരുന്നു. ബെൻസിമയുടെ ആദ്യ ഗോൾ കളിയുടെ ഒൻപതാം മിനുട്ടിൽ പിറന്നു. ലൂക്കാസ് വാസ്കസിന്റെ പന്ത് യാൻ സോമ്മറിനെ മറികടന്ന് വലയിലെത്തിക്കാൻ ബെൻസിമയുടെ ഹെഡ്ഡറിന് സാധിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ റോഡ്രിഗോയുടെ ക്ലിനിക്കൽ ക്രോസ് വീണ്ടുമൊരു ഹെഡ്ഡറിലൂടെ ബെൻസിമ റയലിന്റെ ജയമുറപ്പിച്ചു.